dead-body

മുംബയ് : മരണപ്പെട്ട എൺപത്തിമൂന്ന് കാരിയായ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ മകൾ കൂടെ കഴിഞ്ഞത് എട്ട് മാസം. മുംബയിലെ പടിഞ്ഞാറൻ ബാന്ദ്രയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 53 വയസുള്ള മകളാണ് ഇത്തരത്തിൽ അമ്മയുടെ ശവശരീരത്തിന് മാസങ്ങളായി കാവലിരുന്നത്. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. അയൽവാസികളുടെ പരാതിയിലാണ് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. വീടിന്റെ ജനാലവഴി അയൽ വീട്ടുകളിലേക്ക് മാലിന്യമെറിയുന്നു എന്ന പരാതിയാണ് പൊലീസിന് ലഭിച്ചത്.

വീട്ടിൽ പരിശോധന നടത്തിയ പൊലീസാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മാതാവ് മാർച്ച് മാസത്തിലാണ് മരണപ്പെട്ടതെന്നാണ് ലഭിച്ച മൊഴി. ഇത് സത്യമാണെങ്കിൽ ലോക്ക്ഡൗൺ കാലം ആരംഭിക്കുന്ന സമയത്താണ് വൃദ്ധ മരണപ്പെടുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഓമനിച്ച് വളർത്തിയ നായ മരിച്ചപ്പോഴും ജഢം മറവുചെയ്യാതെ കുറച്ച് നാൾ ഇവർ സൂക്ഷിച്ചു വച്ച സംഭവമുണ്ടായതായി പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അയൽവാസികളിൽ നിന്നുമാണ് സ്ത്രീയ്ക്ക് മാനസിക ആരോഗ്യപ്രശ്നങ്ങളുള്ളതായി പൊലീസ് മനസിലാക്കിയത്. മാതാവ് മരണപ്പെട്ട വിവരം ഇവർ ആരെയും അറിയിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയ ജീർണിച്ച അവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്തിടെ ചെന്നൈയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മകന്റെ മൃതദേഹത്തിന് സമീപം മൂന്ന് ദിവസം മാതാവ് ഇരുന്നതായിരുന്നു സംഭവം. മകൻ മരണപ്പെട്ടത് പട്ടിണിയാലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.