imran-khan-

ഇസ്ലാമാബാദ്: ഫ്രാൻസും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ചെയ്തികളെ നാസികളുടെ രീതികളോട് താരതമ്യപ്പെടുത്തി പാകിസ്ഥാൻ സർക്കാരിലെ മന്ത്രി ഷിരീൻ മസാരിയുടെ ട്വീറ്റാണ് വിവാദമായത്. പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഫ്രാൻസിലുണ്ടായ അക്രമ സംഭവങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം തുടക്കമായത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം നിന്ന ഫ്രഞ്ച് സർക്കാരിന്റെ നടപടികളെ തുടക്കം മുതൽ പാകിസ്ഥാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ മന്ത്രി വിവാദ ട്വീറ്റിലേക്ക് കടന്നത്.

നാസികൾ ജൂതന്മാരോട് ചെയ്തതു പോലെ മാക്രോൺ മുസ്ളീങ്ങളോട് ചെയ്യുന്നവെന്ന് ഷിരീൻ മസാരിയുടെ വിമർശനത്തിന് ചുട്ട മറുപടിയാണ് ഫ്രാൻസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. സംഭവത്തെ അപലപിച്ച് കൊണ്ട് ഫ്രാൻസ് വദേശകാര്യ മന്ത്രി രംഗത്ത് വന്നിരുന്നു. നഗ്നമായ നുണകളാണ് പാകിസ്ഥാൻ മന്ത്രി പ്രചരിപ്പിക്കുന്നതെന്നും ഇത് വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ആശയങ്ങളാണെന്നുമാണ് പാകിസ്ഥാനുള്ള മറുപടിയിൽ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം കുറിച്ചത്. ഇതിന് പിന്നാലെ പാകിസ്ഥാനുമായുള്ള സൈനിക, പ്രതിരോധ ഇടപാടുകളിൽ നിന്നും പിന്മാറാനും ഫ്രാൻസ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാകിസ്ഥാൻ സൈന്യം ഉപയോഗിക്കുന്ന മിറാഷ് വിമാനങ്ങളും, വ്യോമ പ്രതിരോധ സംവിധാനങ്ങളും, അന്തർവാഹിനിയുമെല്ലാം ഇനി മുതൽ അറ്റകുറ്റപ്പണികൾക്കായി തങ്ങളെ സമീപിക്കേണ്ട എന്ന നിലപാടാണ് ഫ്രാൻസ് സ്വീകരിച്ചത്.

ഫ്രാൻസ് നയം കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെ പാക് മന്ത്രി തന്റെ ട്വീറ്റ് പിൻവലിച്ചതായിട്ടാണ് പുറത്തുവരുന്ന ഒടുവിലത്തെ വിവരം. ഇമ്രാൻ ഖാൻ സർക്കാരിന്റെ തെറ്റായ നടപടികളാൻ അറബ് ലോകത്തുൾപ്പടെ നിരവധി രാജ്യങ്ങളുമായുള്ള പാകിസ്ഥാന്റെ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്.