തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്‌ദരേഖയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞാൽ കേസെടുക്കാമെന്ന് നിയമോപദേശം. ഒരാൾക്കെതിരെ കളളമൊഴി നൽകാൻ പ്രേരിപ്പിക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ കർത്തവ്യമായി കാണാൻ കഴിയില്ലെന്നും അതിൽ കേസെടുക്കാമെന്നുമാണ് നിയമോപദേശം. പ്രതിയുടെ അറിവോടെയല്ലെങ്കിൽ പ്രതിയെ കേസിൽ ഉൾപ്പെടുത്താനാകില്ല എന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കാണ് ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചിരിക്കുന്നത്.
അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്‌ദം റെക്കോഡ് ചെയ്‌ത് പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കേരള പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസസ് (മാനേജ്മെന്റ്) ആക്‌ടിന്റെ ലംഘനമാണെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ശബ്‌ദ സന്ദേശം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് ഹൈക്കോടതിയെ സമീപിക്കാനും കഴിയും.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ശബ്‌ദം റെക്കോഡ് ചെയ്‌ത് പ്രചരിപ്പിച്ചത് ജയിൽ അധികാരികളോ സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥരോ ആണെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിക്കും. ശബ്‌ദ സന്ദേശം പുറത്തുവിട്ട നടപടി സ്വപ്‌ന പ്രതിയായ ഏതെങ്കിലും കേസിന്റെ അന്വേഷണത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്നതാണെന്ന് അന്വേഷണ സംഘം പരാതിപ്പെട്ടാൽ അന്വേഷണം നടത്തി നിജസ്ഥിതി വിചാരണക്കോടതിയെ രേഖാമൂലം അറിയിക്കണം. പുറത്തുവന്ന ശബ്‌ദ സന്ദേശം സ്വപ്‌നയുടേതാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ടാൽ അന്വേഷണ സംഘങ്ങളുടെ കസ്റ്റഡി കാലയളവിലും ജയിലിൽനിന്ന് സ്വപ്‌നയെ കോടതിയിലെത്തിച്ച സന്ദർഭങ്ങളിലും സുരക്ഷ ഒരുക്കിയ വനിതാ പൊലീസ് അടക്കമുളളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.