മുംബയ് : മഹാരാഷ്ട്രയിലെ ഷഹാപൂരിൽ ഈ മാസം നവംബർ പതിനാലിന് മൂന്ന് യുവാക്കളെ കാട്ടിലെ മരത്തിൽ തൂങ്ങി മരിച്ച സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ബെരെ (35) മഹേന്ദ്ര ദുബെലെ (30), മുകേഷ് ധവത് (22) എന്നീ യുവാക്കളാണ് മൂന്ന് സാരികളുപയോഗിച്ച് ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പൊലീസ് ഇപ്പോൾ പുറത്ത് വിടുന്ന വിവര പ്രകാരം ഈ മരണങ്ങൾ ആത്മഹത്യയായിരുന്നുവെന്നും, അമിതമായ അന്ധവിശ്വാസമാണ് യുവാക്കളെ ഇതിന് പ്രേരിപ്പിച്ചതെന്നുമാണ്.
അമാവാസി ദിവസം ആത്മഹത്യ ചെയ്താൽ മോക്ഷം ലഭിക്കുമെന്ന വിശ്വാസപ്രകാരമാണ് നാല് യുവാക്കൾ വനത്തിൽ പ്രവേശിച്ചത്. ആത്മഹത്യ ചെയ്യുവാനായി തിരഞ്ഞെടുത്ത മരത്തിന് ചുവട്ടിലിരുന്ന് നാലുപേരും മദ്യപിച്ചു. എന്നാൽ കൂട്ടത്തിൽ ഒരാൾ ഇതിനിടയിൽ ആത്മഹത്യയിൽ നിന്നും പിന്തിരിയുകയായിരുന്നു. ഇയാളാണ് പൊലീസിനോട് അന്നേ ദിവസം നടന്ന സംഭവങ്ങൾ വിശദീകരിച്ചത്. താനെ ജില്ലയിലെ ഷഹാപൂർ തഹ്സിലിലെ വനമേഖലയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഖാർഡി ഗ്രാമത്തിലെ യുവാക്കളാണ് ആത്മഹത്യ ചെയ്തത്.