ന്യൂഡൽഹി: പൊലീസ് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിനെ തിരുത്തി സി പി എം കേന്ദ്ര നേതൃത്വം. സർക്കാർ ഓർഡിനൻസ് പുന:പരിശോധിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. എല്ലാ ആശങ്കകളും പരിഹരിക്കും. സി പി എം നിലപാട് പാർലമെന്റിൽ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും യെച്ചൂരി പറഞ്ഞു.
ഈ ഓർഡിനൻസ് കൊണ്ടു വന്ന രീതി അംഗീകരിക്കുന്നില്ല. ഈ ബിൽ പുന:പരിശോധിക്കും. പുതിയ പൊലീസ് ആക്‌ടിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഓർഡിനൻസ് പിൻവലിക്കുന്നതടക്കം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ കേരള സർക്കാരിൽ നിന്നും നിങ്ങൾക്ക് ലഭിക്കുമെന്നും സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് ആക്‌ടിനെതിരെ വലിയ വിമർശനങ്ങൾ ഉണ്ടാവുകയും ബി ജെ പിയും ആർ എസ് പിയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിട്ടും സംസ്ഥാന സർക്കാരും സി പി എം നേതൃത്വവും ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. ഇതിനിടെയാണ് സംസ്ഥാന സർക്കാരിനെ തിരുത്തി സി പി എം കേന്ദ്ര നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ദേശീയതലത്തിൽ തന്നെ ഏറെ വിവാദമായ 66 എ വകുപ്പിനെതിരെ കടുത്ത നിലപാടാണ് സി പി എം നേരത്തെ സ്വീകരിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നടന്ന വിശദമായ ചർച്ചയ്‌ക്ക് ശേഷം അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മൗലികാവകാശം എന്നിവയെ ബാധിക്കുന്ന തരത്തിലുളള ഒരു നിയമത്തേയും പിന്തുണയ്ക്കേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചിരുന്നു.
അന്ന് പാർട്ടിയെടുത്ത നിലപാടിനെതിരാണ് സിപിഎം അധികാരത്തിലുളള കേരള സർക്കാർ കൊണ്ടു വന്ന പൊലീസ് ആക്‌ട് എന്ന വിമർശനം ശക്തമായിരുന്നു. ഇതാണ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തേയും സർക്കാരിനേയും തളളി പരസ്യമായ തിരുത്തൽ നടപടിയെടുക്കാൻ യെച്ചൂരി തന്നെ നേരിട്ട് രംഗത്തെത്തിയത്.