case

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായ എ.സുരേശൻ രാജി‌വച്ചു. വിവരം അദ്ദേഹം സർക്കാരിനെ അറിയിച്ചു. കേസ് ഇനി ഈ മാസം 26നാണ് കോടതി പരിഗണിക്കുക.അന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ കോടതി അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ കേസ് വിചാരണകോടതി എടുക്കുന്ന സമയത്ത് സുരേശൻ കേസിൽ ഹാജരായില്ല. പകരം രാജിവച്ചതായി സർക്കാരിനെ അറിയിക്കുകയായിരുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ കത്ത് മുഖാന്തിരമാണ് രാജി വിവരമറിയിച്ചത്. രാജി സ്ഥിരീകരിച്ചതായി സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ല. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇനി സാദ്ധ്യത.

മുൻപ് അത്യന്തം നാടകീയമായ സംഭവങ്ങളാണ് നടിയെ ആക്രമിച്ച കേസ് വിചാരണയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. വിചാരണ കോടതിയിൽ നിന്ന് നീതി ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ആക്രമണം നേരിട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണകോടതിയിൽ നിന്ന് മുൻപ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായ എ.സുരേശൻ ഇറങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. വിചാരണകോടതി മാ‌റ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണം നേരിട്ട നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇത് തെ‌റ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കും എന്ന് നിരീക്ഷിച്ച് ഹർജി തള‌ളി.