ganga-express-

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലമായ വരാണസിക്കായി ഒരുക്കുന്ന സ്വപ്ന പദ്ധതിക്ക് ഈ മാസം മുപ്പതിന് തുടക്കമാവും. രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് ഹൈവേയായ വരാണസി പ്രയാഗ്രാജ് എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണോദ്ഘാടനമാണ് നവംബർ മുപ്പതിന് പ്രധാനമന്ത്രി നിർവഹിക്കുന്നത്. ഗംഗ എക്സ്പ്രസ് എന്നാണ് ഈ ഹൈവേ പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. 1,020 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 37,000 കോടി രൂപയാണ് മുടക്കുന്നത്. ഈ വർഷമാദ്യമാണ് പദ്ധതിയുടെ അന്തിമരൂപത്തിന് യു പി സർക്കാർ പച്ചക്കൊടി വീശിയത്.

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് ഹൈവേ രണ്ട് ഘട്ടങ്ങളായിട്ടാണ് നിർമ്മിക്കുന്നത്. ഇതിൽ ആദ്യ ഘട്ടമാണ് ഏറെ ശ്രമകരമായത്. ഒന്നാം ഘട്ടം 596 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഉത്തർ പ്രദേശിലെ മീററ്റ്, ജ്യോതിഭ ഫൂലെ നഗർ, ഹാപൂർ, സാംബാൽ, ബുഡൗൻ, ഷാജഹാൻപൂർ, ഫറുഖാബാദ്, ഹാർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഈ ഘട്ടം. പാത കടന്നു പോകുന്നതിനായി അഞ്ച് വലിയ പാലങ്ങൾ, എട്ട് ഓവർബ്രിഡ്ജുകൾ, 18 ഫ്‌ളൈ ഓവറുകൾ എന്നിവ നിർമ്മിക്കേണ്ടി വരും.

ആറു വരിപ്പാതയാണ് തയ്യാറാക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയാവുമ്പോൾ പടിഞ്ഞാറൻ യുപിയെ കിഴക്കൻ യുപിയുമായി പൂർണമായും ബന്ധിപ്പിക്കുന്നതാവും. ആദ്യ ഘട്ട നിർമ്മാണ ചെലവ് തന്നെ 37,350 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ നല്ലൊരു പങ്കും ഭൂമി ഏറ്റെടുക്കലിനായിട്ടാണ് ചെലവഴിക്കുന്നത്.

എക്സ്പ്രസ് ഹൈവേയുടെ രണ്ടാം ഘട്ടത്തിൽ 110 കിലോമീറ്റർ നീളമുള്ള റോഡ് സ്ട്രിഗ്രി തിഗ്രി മുതൽ ഉത്തരാഖണ്ഡ് അതിർത്തി വരെയും 314 കിലോമീറ്റർ ദൂരം പ്രയാഗ്രാജ് മുതൽ ബല്ലിയ വരെയുമുള്ളതാണ്. ഗംഗ എക്സപ്രസ്പാതയുടെ മറ്റൊരു പ്രത്യേകത ഇത് സംസ്ഥാനത്തെ നിലവിലുള്ള എല്ലാ പ്രധാന പാതകളെയും പരസ്പരം ബന്ധിപ്പിക്കും എന്നതാണ്. ഈ പാതയെ വികസനത്തിന്റെ ഇടനാഴിയാക്കാനും ഉത്തർ പ്രദേശ് സർക്കാരിന് പദ്ധതിയുണ്ട്. ഡൽഹി ഹരിയാന പാതയ്ക്ക് സമാനമായി വൻ വ്യവസായങ്ങളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന പദ്ധതികൾ ഇതിനകം തന്നെ യോഗി സർക്കാർ ആരംഭിച്ചിട്ടുണ്ട്.