നിറതോക്കുകളുമായാണ് വയനാട് സ്വദേശി ബബിതയെ നാട്ടുകാർക്കിപ്പോൾ കാണാൻ കിട്ടുന്നത്. അതും വിദേശ നിർമ്മിതമായ രണ്ട് തോക്കുകൾ. ആളുകളെ വെടി വച്ച് കൊല്ലാനല്ല ബബിത തോക്കുമേന്തി നടക്കുന്നത്. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിച്ച് വരുന്ന കാർഷിക വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടു പന്നികളെ തുരത്തുകയാണ് ലക്ഷ്യം. വയനാട് നത്തംകുനി പുറ്റാട് കാഞ്ഞിരത്തിങ്കൽ ബബിതയാണ് ഇപ്പോൾ കർഷകരുടെ കണ്ണീരുണക്കുന്നത്. ചോര നീരാക്കി വിളയിക്കുന്ന കാർഷിക വിളകൾ കുത്തി മലർത്തിയിടുന്ന കാട്ടു പന്നി ശല്യം കർഷകർക്ക് തീരാവേദനയാണ്. ഹെക്ടർ കണക്കിന് ഭൂമിയാണ് കാട്ടു പന്നിശല്യത്തെ തുടർന്ന് വയനാട്ടിൽ മാത്രം നശിച്ചത്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ വീടിനകത്ത് പോലും കടന്നുവന്ന് പരാക്രമം നടത്തിയ അനുഭവവും ഇൗയിടെ ഉണ്ടായി. ആ പശ്ചാത്തലത്തിലാണ് ബബിത നാട്ടിലെ താരമായി മാറിയത്. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യത്തെ വനിത. ബബിതയോടൊപ്പം വയനാട്ടിലെ മറ്റു മൂന്ന് പുരുഷന്മാർക്കും കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ലൈസൻസ് ലഭിച്ചു.
ബബിതയുടെ കൈയിലുള്ള രണ്ട് വിദേശ നിർമ്മിത തോക്കുകളും രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ഇനത്തിൽപ്പെട്ടതാണ്. ഒരെണ്ണത്തിന് വില രണ്ട് ലക്ഷം രൂപയോളം വരും. ഏതാണ്ട് ബബിതയുടെ ഉയരം തന്നെയാണ് തോക്കുകൾക്കും. 2006ലാണ് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ആദ്യം ബബിത നേടിയെടുത്തത്. ഭർത്താവ് ബെന്നിയുമായി ചേർന്നുള്ള ലൈസൻസാണിത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഏറെയുള്ള വയനാട്ടിൽ തോക്ക് ഉപയോഗിക്കുന്നത് ഇടക്കാലത്ത് നിരോധിച്ചിരുന്നു. തോക്കിന്റെ ലൈസൻസുകളും റദ്ദ് ചെയ്തു. അങ്ങനെ ഇവരുടെയും ലൈസൻസ് നഷ്ടമായതാണ്. പക്ഷേ ബബിതയും ബെന്നിയും കേസുമായി ഹൈക്കോടതി വരെ പോയി. അനുകൂല ഉത്തരവ് കിട്ടും വരെ നിയമപരമായി പോരാടി. അതിന് ശേഷമാണ് ബബിതയ്ക്ക് പന്നിയെ വെടിവയ്ക്കാനുള്ള ലൈസൻസ് എം പാനലിൽ ഉൾപ്പെടുത്തി ലഭിക്കുന്നത്. ഹൈക്കോടതിവരെ പോയി റിട്ട് നൽകിയത് കൊണ്ട് മാത്രം ലഭിച്ച അംഗീകാരം. ബബിതയെ തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിച്ചതും ഭർത്താവ് ബെന്നിയാണ്. ഉന്നം പിഴക്കാതെ, എത്ര ദൂരത്തേക്കും ലക്ഷ്യം വയ്ക്കാൻ ഇന്ന് ബബിതയ്ക്ക് കഴിയും. തോക്കിനോട് വളരെ നേരത്തെ താത്പര്യമുള്ളവരാണ് ബെന്നിയും
ബബിതയും. കർഷകകുടുംബമായതുകൊണ്ട് തന്നെ പന്നികളുണ്ടാക്കുന്ന വേദന ഇവരെ പറഞ്ഞ് മനസിലാക്കേണ്ടതില്ല. അമ്പലവയൽ പഞ്ചായത്തിൽ തന്നെ ഏറ്റവും നല്ല കർഷകനുള്ള അവാർഡ് നേടിയ വ്യക്തിയാണ് ബബിതയുടെ ഭർത്താവ് ബെന്നി. കൃഷിയെന്നാൽ ഇവർക്ക് പ്രാണവായുവാണ്. വയനാട്ടിലിപ്പോൾ പ്രധാനമായും നേരിടേണ്ടി വരുന്നത് രണ്ട് അവസ്ഥകളെയാണ്. പന്നികൾ വിള നശിപ്പിക്കുന്നതും പന്നിയെ പേടിച്ച് കൃഷി ചെയ്യാതിരിക്കുന്നതും. ഇത്രയും നാൾ കൃഷി ചെയ്ത് ജീവിച്ചവരെ സംബന്ധിച്ച് പന്നിയെ പേടിച്ച് കൃഷിയിറക്കാൻ കഴിയാതെ വരികയെന്നത് ഏറെ ദുഃഖകരമാണ്. അവരുടെയെല്ലാം കണ്ണീരുകണ്ടാണ് ബബിത തോക്ക് വീണ്ടുമെടുക്കാൻ തയ്യാറായത്.
ഒരു പന്നിയെ വെടിവച്ചാൽ സർക്കാർ ആയിരം രൂപയാണ് നൽകുന്നത്. അതിനായി അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയും നൽകണം. തോക്ക് ഉപയോഗിക്കുന്നതിനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഹിയറിംഗ് കൽപ്പറ്റയിലാണ് നടത്തിയത്. സൗത്ത് വയനാട് ഡി.എഫ്. ഒ, എ.ഡി. എം എന്നിവർ അടങ്ങിയ സമിതിക്ക് മുന്നിലാണ് ബബിത തോക്ക് ഉപയോഗിക്കുന്നതിൽ മികവ് പ്രകടിപ്പിച്ചത്. അങ്ങനെ പന്നി ശല്യം എവിടെയുണ്ടോ അവിടെ ചെന്ന് വെടി വയ്ക്കാനുള്ള അനുമതി ബബിത നേടിയെടുത്തു. വയനാട്ടിൽ വനമില്ലാത്ത രണ്ട് പഞ്ചായത്തുകൾ മാത്രമാണുള്ളത്. അമ്പലവയലിലെ തോമാട്ടുചാലും കണിയാമ്പറ്റയും. പക്ഷേ, ഇന്നിപ്പോൾ പന്നിശല്യം ഇവിടെയും അതിരൂക്ഷമാണ്. പന്നിയെ വെടി വയ്ക്കുന്നത് സംബന്ധിച്ച് ചുരുങ്ങിയ ദിവസം കൊണ്ട് ഒാർഡർ മാറുമെന്ന കണക്കുകൂട്ടലിലാണ് ബബിത. പന്നിയെ ഷെഡ്യൂൾഡ് 5 പട്ടികയിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. അതായത് ക്ഷുദ്രജീവികളുടെ പട്ടികയിലാണ് ഇനി പന്നികൾ വരാൻ പോകുന്നത്. അങ്ങനെയാണെങ്കിൽ വേട്ടയാടി നമുക്ക് തന്നെ മാംസം ഉപയോഗിക്കാം. വിദേശരാജ്യങ്ങളിൽ ഇങ്ങനെയൊരു നിയമമുണ്ട്. ഒാസ്ട്രേലിയയിൽ കംഗാരു ദേശീയ മൃഗമാണ്. വിപണിയിൽ ഇതിന്റെ ഇറച്ചി കിട്ടും. യാക്ക് ഉൾപ്പെടെയുളള വന്യമൃഗങ്ങളുടെ ഇറച്ചിയൊക്കെ മാർക്കറ്റിൽ സുലഭമാണ്. വേട്ടയാടാൻ സർക്കാർ ഒരു നിശ്ചിത സമയം കൊടുക്കും. ആ രീതി ഇവിടെയും വന്നേക്കും.
കൊന്ത പിടിച്ച കൈകൾ പിന്നീട് തോക്കിലേക്ക്
കോഴിക്കോട് ജില്ലയിലെ ഇൗങ്ങാപ്പുഴയിലെ പുളിക്കാട്ട് ചാക്കോച്ചന്റെയും മേരിയുടെയും മൂത്തമകളാണ് ബബിത. നാലു വയസിൽ ബിബതയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു. അന്ന് അനുജത്തി മിനി കൈക്കുഞ്ഞാണ്. മൂന്നുവർഷത്തിനുശേഷം അച്ഛൻ ഒരപകടത്തിൽ മരിച്ചു. സമ്പന്ന കുടുംബമായിരുന്നു ബബിതയുടേത്. കുട്ടികൾ അനാഥരാകരുതെന്ന് കരുതി ഇളയച്ഛൻ ഇൗങ്ങാപ്പുഴയിലെ ബേബി പുളിക്കാട്ട് ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് വളർത്തി. അതിനിടെ ബബിതക്ക് ക്രിസ്തുവിന്റെ മണവാട്ടിയാകണമെന്ന ആഗ്രഹവുമുണ്ടായി. ഒരു വർഷം കന്യാസ്ത്രീയാകാൻ സെമിനാരിയിലേക്ക്. എന്നാൽ സന്ന്യസ്ഥ ജീവിതം തനിക്ക് പറ്റില്ലെന്ന് ബബിതക്ക് തിരിച്ചറിവുണ്ടായപ്പോൾ മഠത്തിൽ നിന്നും മടങ്ങി പിന്നെ നാട്ടിലെത്തി. മഠത്തിൽ നിന്നുനേരെ നാട്ടിലെത്തി വിദ്യാഭ്യാസം തുടർന്നു. 1994 ഏപ്രിൽ 18ന് വയനാട് പുറ്റാട് കാഞ്ഞിരത്തിങ്കൽ പാപ്പുവിന്റെയും ഏലമ്മയുടെയും നാല് മക്കളിൽ ഒരാളായ ബെന്നി ബബിതയുടെ കഴുത്തിൽ മിന്ന് ചാർത്തി. അതോടെയാണ്, ബബിതയുടെ തോക്ക് പ്രണയം കൂടുന്നത്. ബബിതയ്ക്ക് തോക്കിനോട് ഇഷ്ടമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ബെന്നിയും ഡബിൾ ഹാപ്പിയായി. പിന്നീട്, ബബിതയുടെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാക്കാൻ മുന്നിൽ തന്നെ ബെന്നിയുണ്ടായിരുന്നു. കാനഡയിലുള്ള ഡോ. ആതിര ബെന്നിയും ഫിലിപ്പൈൻസിലുള്ള ഡോ. അഖില ബെന്നിയുമാണ് മക്കൾ.
ചുറുചുറുക്കിൽ ബബിതയുടെ ജീവിതം
വാഹനങ്ങളോടും ബബിതയ്ക്ക് ക്രേസാണ്. ജീപ്പും കാറും ടൂവീലറുമെല്ലാം ഇൗ കൈകളിൽ ഭദ്രം. ഡ്രൈവിംഗ് കഴിഞ്ഞാൽ അടുത്തയിഷ്ടം വായനയോടാണ്. മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഇതിനകം ഈ ദമ്പതികൾ യാത്ര ചെയ്തു. തോക്കുകളെക്കുറിച്ച് ചോദിച്ചാൽ ബബിത അതിന്റെയൊക്കെ ഗുണദോഷങ്ങളെക്കുറിച്ച് വാചാലയാകും. ഇപ്പോൾ ഉപയോഗിക്കുന്ന വെബ്ളി ആന്റ് സ്പോട്ട്(46220), റിനോ ഗാലസി(5109) എന്നീ തോക്കുകളാണ്. വെബ്ളി ഇംഗ്ളണ്ടിൽ നിന്നാണെങ്കിൽ റിനോ ഗാലസി ഇറ്റലിയിൽ നിന്നാണ്. പുറ്റാട് വയനാട്ടിലെ അതി മനോഹരമായ പ്രദേശമാണ്. പ്രകൃതി കനിഞ്ഞ് നൽകിയ സൗന്ദര്യം. അവിടെയാണ് കാഞ്ഞിരത്തിങ്കൽ വീട്. ചെത്ത് കല്ലിൽ പണിയുന്നത് പോലെ കരിങ്കല്ല് മനോഹരമായി വെട്ടിയെടുത്താണ് വീട് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിക്ക് ഇണങ്ങിയ മനോഹര ഭവനം. അകത്ത് കയറുമ്പോൾ തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത തണുപ്പാണ്. കേരളത്തിലെ വിരലിൽ എണ്ണാവുന്ന വീട്ടി(റോസ് വുഡ്) മര വ്യാപാരി കൂടിയാണ് ബെന്നി. പന്ത്രണ്ട് ഏക്കറോളം വരും ഭൂമി. കൃഷി ചെയ്യാത്ത വിളകളില്ല. കൃഷിയിലും കച്ചവടത്തിലുമെല്ലാം ഈ ദമ്പതികൾ മാതൃകയാണ്. ജീവിതം ഒന്നേല്ലേയുള്ളു, അത് പരമാവധി ആസ്വദിക്കണം എന്നതാണ് ഇരുവരുടെയും പോളിസി. അതോടൊപ്പം, പാവങ്ങളോടുള്ള കരുണ, അതാണ് ഇൗശ്വരനോടുള്ള കടമയെന്ന് അവർ പറയുന്നു. ആത്മകഥ എഴുതുന്ന തിരക്കിലാണ് ബെന്നിയിപ്പോൾ.
(ബെന്നിയുടെ ഫോൺ നമ്പർ:9946581430
പ്രദീപ് മാനന്തവാടി:9447204774)