നാഗ്പൂർ: മുംബയിലെ പ്രശസ്തമായ കറാച്ചി സ്വീറ്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിൽ നിന്നും കറാച്ചി എന്ന വാക്ക് ഒഴിവാക്കണമെന്ന ശിവസേന നേതാവിന്റെ ഭീഷണി വാർത്തയായിരുന്നു. സ്ഥാപനത്തിന്റെ ഉടമയോടാണ് കറാച്ചി എന്ന പേര് നീക്കം ചെയ്ത് മറാത്തയിലെ ഒരു പദം ഉപയോഗിക്കാൻ ശിവസേന നേതാവ് നിതിൻ നന്ദഗോകർ ആവശ്യപ്പെട്ടത്. സംഭവം മാദ്ധ്യമങ്ങളിലൂടെ വിവാദമായതോടെ ബി ജെ പി ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ്.
കറാച്ചി എന്ന വാക്ക് മാറ്റണമെന്ന് ശിവസേനയുടെ ആവശ്യത്തെ നിരാകരിക്കുകയാണ് മുൻ മുഖ്യമന്ത്രിയും ബി ജെ പി മുതിർന്ന നേതാവുമായി ദേവേന്ദ്ര ഫഡ്നാവിസ്. കറാച്ചി എന്ന വാക്ക് ഒഴിവാക്കേണ്ടതല്ലെന്നും ഒരു ദിവസം ഇന്ത്യയുടെ ഭാഗമാവേണ്ട സ്ഥലമാണ് അതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനായി ഫഡ്നാവിസ് പറയുന്നത് തങ്ങൾ അഖണ്ഡ ഭാരതത്തിൽ വിശ്വസിക്കുന്നരാണെന്നാണ്.
കറാച്ചി സ്വീറ്റ്സിന്റെ പേരുമാറ്റണമെന്ന ആവശ്യം വിവാദമായതോടെ സംഭവത്തിൽ ഇടപെടാതെ അകലം പാലിക്കുകയാണ് ശിവസേന ഇപ്പോൾ. അത് തങ്ങളുടെ നേതാവിന്റെ അഭിപ്രായം മാത്രമായി അതിനെ കാണുവാനാണ് പാർട്ടി ഇപ്പോൾ ഇഷ്ടപ്പെടുന്നത്.