railway

തിരുവനന്തപുരം: കൊവിഡിന് പിന്നാലെ തലസ്ഥാനത്ത് മലേറിയ രോഗം കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കരുതൽ നടപടികളുമായി ജില്ലാ ഭരണകൂടം. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരടക്കമുള്ളവരെ പരിശോധിക്കുന്നതിനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ക്രീനിംഗ് സെന്റർ തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് സ്ക്രീനിംഗ് സെന്ററുകളുടെ ചുമതല. കൊവിഡിന് നേരിയ ശമനം ഉണ്ടായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ കേരളത്തിലേക്ക് വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ മലേറിയ രോഗം പടരുന്നതായാണ് റിപ്പോർട്ട്.

മലേറിയ രോഗം തിരിച്ചറിയുന്നതിനുള്ള ദ്രുത പരിശോധനാ കിറ്റുകൾ ആരോഗ്യവകുപ്പ് വാങ്ങിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവച്ച ഫണ്ടാണ് ഇതിന് ഉപയോഗിക്കുന്നത്. പകർച്ചവ്യാധികളും പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളും തടയുന്നതിന് സമഗ്രമായ നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നതെന്ന് കളക്ടർ നവജ്യോത് ഖോസ പറഞ്ഞു.

ഈ വർഷം ഇതുവരെ ഒമ്പത് മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിലാണ് ഏറ്റവും ഒടുവിൽ മലേറിയ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്നാണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. എത്രയും പെട്ടെന്ന് രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിലുള്ള മലേറിയ കേസുകളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തതാണ്. അതിനാൽ തന്നെ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൊഴിൽ ക്യാമ്പുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങളടക്കമുള്ളവ നിറുത്തിവയ്ക്കാനും ജില്ലാകളക്ടറും ആരോഗ്യവകുപ്പും നിർദ്ദേശിച്ചു. ഇതോടൊപ്പം കെട്ടിട നിർമ്മാണ സൈറ്റുകളിലും തൊഴിൽ ക്യാമ്പുകളിലും സ്‌ക്രീനിംഗ് നടത്തും.

റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ രക്ത സാമ്പിളുകൾ ശേഖരിച്ച ശേഷം രോഗബാധ കണ്ടെത്തുന്നവർക്കും ലക്ഷണങ്ങൾ ഉള്ളവർക്കും വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതിലൂടെ മലേറിയ പകരുന്നത് തടയാൻ കഴിയുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിച്ചു.

തൊഴിൽ വകുപ്പിന്റെ കണക്ക് അനുസരിച്ച് 16,000 ഓളം അന്യസംസ്ഥാന തൊഴിലാളികൾ ഇതിനോടകം കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ദീപാവലിക്ക് ശേഷമാണ് ഇവരിൽ ഭൂരിഭാഗം പേരും മടങ്ങിയെത്തിയത്. ആരോഗ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇവർക്കെല്ലാം ആവാസ് ബയോമെട്രിക് കാർഡുകൾ വിതരണം ചെയ്തു വരികയാണ്.