തിരുവനന്തപുരം: പരിമിതികൾ ചൂണ്ടിക്കാണിച്ചാൽ ആശങ്കകൾ അകറ്റുക എന്നതാണ് ജനാധിപത്യ മാതൃകയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് നിയമ ഭേദഗതിയിൽ ഉയർന്നു വന്ന സദുദ്ദേശപരമായ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയതെന്നും വിജയരാഘവൻ പറഞ്ഞു. നിയമം സി പി എം നേരത്തെ ചർച്ച ചെയ്‌തിരുന്നോ എന്ന ചോദ്യത്തിന്, താർക്കിക പ്രാധാന്യമുളളതാണ് ചോദ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സംസ്ഥാനത്ത് വികേന്ദ്രീകരണ ആസൂത്രണത്തിന് രൂപവും പിന്തുണയും നൽകിയത് ഇടത് സർക്കാരുകളാണെന്ന് പറഞ്ഞ അദ്ദേഹം ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളിൽ വിഘാതമേൽപ്പിച്ച് കേന്ദ്രം മുന്നേറുകയാണെന്ന് കുറ്റപ്പെടുത്തി. അതിനൊപ്പം യു ഡി എഫ് നിൽക്കുന്നു. ബി ജെ പിക്കൊപ്പമാണ് യു ഡി എഫ്. അധികാരമുപയോഗിച്ച് മുഖ്യമന്ത്രിക്ക് എതിരെ വരെ നീങ്ങുകയാണ്. ഇതിനെതിരെ പ്രതിരോധം തീർക്കുകയാണ് ഇടത് മുന്നണി ചെയ്യുന്നത്. തുടർ ഭരണം വരാനുളള സാഹചര്യം സംസ്ഥാനത്തുണ്ട്. അത്തരമൊരു അവസരത്തിലാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.