kambili-narakam

നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്‌ചയാണ് നിറയെ കായ്ച്ച് കിടക്കുന്ന കമ്പിളി നാരങ്ങകൾ. പല നാടുകളിലും പല പേരിലാണ് അറിയപ്പെടുകയെങ്കിലും മലയാളികൾക്ക് ഏറെയിഷ്ടമുള്ള പഴവർഗമാണ്. ബബ്ലൂസ് നാരകം, അല്ലി നാരങ്ങ, ബംബ്ലി മൂസ് അങ്ങനെ നിരവധി പേരുകളുണ്ട്. നാരങ്ങകളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പം ഇവയ്‌ക്കാണ്. രുചിയുടെ കാര്യത്തിലും വ്യത്യ‌സ്‌തൻ. മധുരവും പുളിയും അ‌ല്‌പം ചവർപ്പും ഒന്നിക്കുന്ന രുചിയാണ്. ജ്യൂസായും സ്‌ക്വാഷായും പഴയമായുമൊക്കെ കഴിക്കാം.

മരമായിട്ടാണ് പൊതുവേ കമ്പിളി നാരകം വളരുക. ചുവപ്പ്, വെള്ള എന്നീ രണ്ട് വിഭാഗമാണുള്ളത്. കട്ടിയുള്ള പുറംതോടിന് നല്ല പച്ച നിറമാണ്. പാകമാകുമ്പോൾ ഇളം മഞ്ഞ നിറമാകും. ഉൾഭാഗം നന്നായി പഴുത്ത കായ്‌കൾക്ക് സാമാന്യം നല്ല മധുരവുമുണ്ടാകും. കമ്പിളി നാരങ്ങയുടെ പുറംതൊലി നീക്കുമ്പോൾ പ്രത്യേക മണവും ഉണ്ടാകും.

അധികം പരിചരണമൊന്നുമില്ലാതെ തന്നെ വീട്ടുതൊടിയിലോ പറമ്പിലോ ഒക്കെ വളർന്നു വലുതാകാറുണ്ട് ഇവ. കേരളത്തിലെ മണ്ണും കാലാവസ്ഥയും കമ്പിളി നാരകത്തിന് വളരാൻ അനുയോജ്യമാണ്. വിത്തുപാകി മുളപ്പിച്ച തൈകളോ വേരുപിടിപ്പിച്ചെ കമ്പുകളോ നടാവുന്നതാണ്. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർത്ത കുഴികളിൽ വേണം തൈ നടാൻ. വേനലിൽ നനയ്‌ക്കുകയും പുതയിടുകയും വേണം. വീട്ടുമുറ്റത്ത് നട്ടാൽ കായ്ഫലം കിട്ടുമെന്നതോടൊപ്പം തന്നെ നല്ല തണലും ലഭിക്കും. ഒരിക്കൽ കായ്ച്ച് തുടങ്ങിയാൽ ആറേഴ് വർഷത്തോളം നന്നായി കായ് ഫലം തരും. കായകൾ ഉണ്ടായാൽ അഞ്ചാറു മാസത്തിനുള്ളിൽ വിളവെടുക്കാം.