e-rickshaw

തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ ഇ-റിക്ഷ പദ്ധതിക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്താൻ കുടുംബശ്രീയുമായി സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ധാരണയിലെത്താൻ ഒരുങ്ങുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഗുണഭോക്താക്കളിൽ ചിലർ പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്മാറിയതോടെയാണ് കുടുംബശ്രീയുമായി കൈകോർക്കാൻ സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിനെ പ്രേരിപ്പിച്ചത്.

പദ്ധതി പ്രകാരം തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് പരിശീലനം നൽകിയിരുന്നു. സാധാരണ ഓട്ടോറിക്ഷകളെ പോലെ യാത്രക്കാരെ കയറ്റി സർവീസ് നടത്താനായിരുന്നു നിർദ്ദേശം. എന്നാൽ,​ ഗുണഭോക്താക്കളിൽ ചിലർ വീട്ടിൽ ചാർജ്ജ് ചെയ്യുമ്പോഴുണ്ടാകുന്ന വൈദ്യുതി ബിൽ വർദ്ധന അടക്കം ചൂണ്ടിക്കാട്ടി ആശങ്കകൾ ഉയർത്തുകയും ചെയ്തു. ചില ഗുണഭോക്താക്കളാകട്ടെ ഇ-റിക്ഷയ്ക്ക് പകരം ഇ-ഓട്ടോകൾ വേണമെന്ന നിലപാടെടുത്തു. നാല് പേർ ഇ-റിക്ഷകൾ തിരിച്ചു നൽകുകയും ചെയ്തു.

പങ്ക് യാത്രയും

യാത്രക്കാർക്ക് കനത്ത യാത്രാ ചാർജ്ജ് ഒഴിവാക്കി നൽകുകയെന്ന ലക്ഷ്യത്തോടെ പങ്ക് യാത്ര (ഷെയേർഡ് മൊബിലിറ്റി)​ പദ്ധതിയും സ്‌മാർട്ട് സിറ്രി നടപ്പാക്കി. ഇതിലൂടെ ഇ-റിക്ഷയുടെ ഡ്രൈവർക്ക് കൂടി നേട്ടമുണ്ടാകുകയെന്ന ലക്ഷ്യവും സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിനുണ്ടായിരുന്നു.

15 ഇ റിക്ഷകൾ

തിരക്കേറിയ റണ്ട് റൂട്ടുകളിൽ ഹ്രസ്വദൂര യാത്ര ലക്ഷ്യമിട്ടാണ് ഇ റിക്ഷകൾ സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് വാങ്ങിയത്. ഒരെണ്ണത്തിന് 2.30 ലക്ഷം രൂപ നിരക്കിൽ 15 ഇ റിക്ഷകളാണ് അവർ വാങ്ങിയത്. ആഗസ്റ്റിൽ ഇവ നഗരത്തിൽ സർവീസും തുടങ്ങി.ഇ റിക്ഷകൾ ചാർജ് ചെയ്യുന്നതിനായി ഗാന്ധി പാർക്കിൽ ഒരു ചാർജ്ജിംഗ് സ്റ്റേഷനും സ്ഥാപിച്ചു. മൂന്ന് ചാർജ്ജിംഗ് സ്റ്റേഷനുകൾ കൂടി നഗരത്തിൽ ഉടൻ തന്നെ സ്ഥാപിക്കുന്നുണ്ട്. ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സംവിധാനമുള്ള ഇ-റിക്ഷയ്ക്ക് ഒറ്റ ചാർജിൽ 80 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. 2 മുതൽ 3 മണിക്കൂർ വരെയാണ് ചാർജിംഗ് സമയം.

ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ഇ - റിക്ഷകൾക്ക് ഒരു സമയം നാല് യാത്രക്കാരെ വഹിക്കാൻ കഴിയും. ജി.പി.എസ് ഘടിപ്പിച്ചിട്ടുണ്ട്. ഇ-റിക്ഷകളിൽ ലഭിക്കുന്ന മൈലേജ് സാധാരണ ഓട്ടോയെക്കാൾ വളരെ ഉയർന്നതാണെങ്കിലും സാധാരണ നിരക്ക് തന്നെയാണ്. സാധാരണ ഓട്ടോയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് 2.5 രൂപ മുതൽ 3 രൂപ വരെയാകും പ്രവർത്തനച്ചെലവ്. എന്നാൽ ഇ-റിക്ഷയുടെ പ്രവർത്തനച്ചെലവ് ഏകദേശം കിലോമീറ്ററിന് 80 പൈസ മാത്ര്രമാണ്.

റൂട്ട് 1: റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് മാനവീയം വീഥി വഴി ഓവർ ബ്രിഡ്ജ് ജംഗ്ഷൻ, സെക്രട്ടേറിയറ്റ്, സ്റ്റാച്യു, പാളയം ജംഗ്ഷൻ, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം


റൂട്ട് 2: റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് പത്മനാഭസ്വാമി ക്ഷേത്രം വഴി ഓവർ‌ബ്രിഡ്‌ജ് ജംഗ്ഷൻ, പഴവങ്ങാടി ക്ഷേത്രം, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്