ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിച്ചത്. രണ്ട് മാസത്തോളം വില വർദ്ധിപ്പിക്കാതിരുന്ന ശേഷമാണ് എണ്ണകമ്പനികൾ നാല് ദിവസം മുൻപ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോൾ 46 പൈസയും ഡീസൽ 80 പൈസയും ലിറ്ററിന് വർദ്ധനവുണ്ടായി. സെപ്‌തംബർ 22 മുതൽ പെട്രോളിനും ഒക്‌ടോബർ 2 മുതൽ ഡീസലിനും വില വർദ്ധിപ്പിച്ചിരുന്നില്ല.
തിരുവനന്തപുരത്ത് പെട്രോളിന് ഏഴ് പൈസ വർദ്ധിച്ച് 82.08 രൂപയായി. ഡീസലിന് 19 പൈസ വർദ്ധിച്ച് 75.44 രൂപയായി.മുംബയിൽ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73രൂപയുമാണ്. ബംഗളുരുവിലും ഹൈദരാബാദിലും പെട്രോൾ ഏഴ് പൈസ വർദ്ധിച്ച് 84.25 ഉം 84.80 രൂപയുമായി. ഇരു നഗരങ്ങളിലും ഡീസൽ നിരക്ക് 75.53ഉം 77.75ഉമാണ്. അന്താരാഷ്‌ട്ര മാർക്കറ്റിലെ എണ്ണവിലയുടെ നിലവാരം അനുസരിച്ചും വിദേശവിനിമയ നിരക്ക് അനുസരിച്ചുമാണ് പെട്രോൾ, ഡീസൽ വിലകൾ എണ്ണകമ്പനികൾ രാജ്യത്ത് പുതുക്കി നിശ്ചയിക്കുന്നത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് എന്നാൽ കമ്പനികൾ എണ്ണവിലയിൽ മാറ്റം വരുത്തിയിരുന്നില്ല.