പൂനെ: ജോലിക്കായി ഗൾഫിൽ പോയ ഭാര്യയെ ഭർത്താവ് ഫോണിലൂടെ മൊഴിചൊല്ലി. 31 വയസുകാരിയായ ഭാര്യയെയാണ് നവംബർ 20ന് മുംബയിൽ താമസിക്കുന്ന 32 വയസുളള ഭർത്താവ് മൂന്ന് തവണ മൊഴിചൊല്ലിയത്. ജോലി തേടി പോയതിനാൽ ഇനി ഭാര്യയുമായി ഒരു ബന്ധവും വേണ്ടെന്ന് ചൊല്ലിയായിരുന്നു മൊഴിചൊല്ലിയതെന്ന് ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. അഹ്‌മദ് നഗറിലെ ഭിൻഗാർ ക്യാമ്പ് പൊലീസ് സ്‌റ്റേഷനിൽ 2019ലെ മുത്തലാഖ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ ദമ്പതികൾക്ക് മൂന്ന് വയസുളള മകളുണ്ട്.
ബ്യൂട്ടിപാർലർ സംബന്ധമായ കോഴ്‌സുകൾ പഠിച്ച ശേഷം മുംബയിൽ ജോലി നോക്കിയ യുവതി പിന്നീട് ദുബായിലേക്ക് പോയി. അതിന്ശേഷം അഹ്‌മദ് നഗറിലേക്ക് മടങ്ങിയെത്തി ഫ്ളാറ്റിൽ താമസമായി. അതിവേഗം വിവാഹ മോചനം നേടുന്ന മുത്തലാഖ് അധാർമ്മികമാണെന്ന് മുൻപ് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ 2019ൽ പാസാക്കിയ മുത്തലാഖ് നിരോധന നിയമപ്രകാരം ഇത്തരത്തിലുളള മുത്തലാഖ് കുറ്റകരമാണ്.