223 ജില്ലാ ഡിവിഷനിൽ 17 സീറ്റ്
തിരുവനന്തപുരം:കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികകളിൽ നിന്ന് ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്കക്കാർ പാടെ വെട്ടിനിരത്തപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം അറുന്നൂറോളമായി ഉയർന്നു.മൊത്തം തദ്ദേശ സ്ഥാപനങ്ങളുടെ പകുതിയോളം വരുമിത്.
ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഉൾപ്പെടെ
1200 ഓളം തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകളിൽ 400
എണ്ണത്തിലെയും കോൺഗ്രസ് പട്ടികയിൽ ഈഴവ പ്രാതിനിദ്ധ്യം വട്ടപ്പൂജ്യവും നഗരസഭകൾ വരെയുള്ള മറ്റ് സ്ഥാപനങ്ങളിൽ പലതിലും 'ഒന്ന് മുതൽ പൂജ്യം വരെ'യുമാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.പാർട്ടി നിർദ്ദേശ പ്രകാരം പത്രിക സമർപ്പിക്കുകയും പ്രചാരണം രണ്ട് റൗണ്ട് പൂർത്തിയാക്കുകയും ചെയ്ത നിരവധിപേർ പുറത്തായത് അവസാന നിമിഷം.നേതൃത്വം 'അയോഗ്യത കൽപ്പിച്ചതോടെ' അവരെല്ലാം പത്രികകൾ പിൻവലിച്ചു. നേതൃത്വത്തിന് 'വേണ്ടപ്പെട്ടവർ' സീറ്റ് ഉറപ്പിച്ചു.വിശ്വകർമ്മജർ,ധീവരർ തുടങ്ങി ഹിന്ദു വിഭാഗത്തിലെ മറ്റ് പിന്നാക്കക്കാരുടെ പ്രാതിനിദ്ധ്യം വിരലിലെണ്ണാവുന്നതായി. സിറ്റിംഗ് മെമ്പർമാരും സജീവ പ്രവർത്തകരും ഉൾപ്പെടെയുള്ള പിന്നാക്കക്കാരെ വെട്ടിനിരത്തിയതിന് കാരണമായി നേതൃത്വം പറയുന്നത് 'വിജയ സാദ്ധ്യതയില്ലെന്ന' ന്യായമാണ്.
14 ജില്ലാ പഞ്ചായത്തുകളിൽ കോൺഗ്രസ് മത്സരിക്കുന്നത് 223 ഡിവിഷനുകളിലാണ്.സ്ഥാനാർത്ഥികൾ ഭൂരിഭാഗവും മുന്നാക്ക സമുദായക്കാർ.ഈഴവ സമുദായത്തിന് ആകെ ലഭിച്ചത് 17 സീറ്റ്.
രാഷ്ട്രപതിയുടെ മെഡൽ
ജേതാവിനും അപമാനം
മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ പിന്നാക്കക്കാരനായ പാർട്ടി പ്രവർത്തകനെ വോട്ട് പിടിത്തം തുടങ്ങിയശേഷം സീറ്റ് നിഷേധിച്ച് അപമാനിച്ചതായി ആക്ഷേപം.
തിരുവനന്തപുരം നേമം ബ്ളോക്ക് പഞ്ചായത്തിലെ ഊരൂട്ടമ്പലം ഡിവിഷനിൽ പാർട്ടി നിർദ്ദേശ പ്രകാരം പത്രിക നൽകിയ മുൻ അദ്ധ്യാപകനും ഡി.സി.സി അംഗവുമായ ഊരൂട്ടമ്പലം
ജയചന്ദ്രനാണ് ഈ ദുരനുഭവം.
എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ വൈസ് പ്രസിഡന്റായ ജയചന്ദ്രൻ രണ്ട് റൗണ്ട്
പ്രചാരണവും ചുവരെഴുത്തും പൂർത്തിയാക്കിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സീറ്റില്ലെന്ന വിവരം ഡി.സി.സി നേതൃത്വം അറിയിച്ചത്.നായർ സമുദായത്തിൽപ്പെട്ടയാൾക്ക് ടിക്കറ്റ് നൽകി. പരാതിപ്പെട്ടെങ്കിലും നേതൃത്വം കൈമലർത്തി.തമ്പാനൂർ രവി,ശൂരനാട് രാജശേഖരൻ,കെ.പി. അനിൽകുമാർ എന്നിവരടങ്ങുന്ന കെ.പി.സി.സി ഉപസമിതി അപ്പീൽ തള്ളിയതോടെ ജയചന്ദ്രൻ ഇന്നലെ പത്രിക പിൻവലിച്ചു.
ഈഴവരിലെ ബുദ്ധിജീവികൾ
ഉണരണം: അഡ്വ. ജയശങ്കർ
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഹിന്ദു പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാധിനിദ്ധ്യം ലഭിച്ചില്ലെന്ന കേരളകൗമുദി വാർത്ത പൂർണമായും ശരിയും ഉത്കണ്ഠാജനകവുമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ പറഞ്ഞു.
പത്രവാർത്തയുടെ പശ്ചാത്തലത്തിൽ എറണാകുളത്തെ സ്ഥിതി പരിശോധിച്ചപ്പോൾ സംഭവത്തിന്റെ ഗുരുതരാവസ്ഥ കൂടുതൽ ബോദ്ധ്യമായി. ഈഴവ സമുദായത്തിലെ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷണന്മാരും ഉണർന്ന് പ്രവർത്തിക്കണം.
ഈഴവർക്ക് മഹാഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽപ്പോലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. മറ്റ് സംഘടിത മത - ജാതി വിഭാഗങ്ങൾ കണക്കുപറഞ്ഞ് സ്ഥാനമാനങ്ങൾ തട്ടിയെടുക്കുമ്പോൾ ഈഴവർ പിന്തള്ളപ്പെടുന്നത് കഷ്ടമാണ്. നമുക്ക് ജാതിയില്ലെന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശത്തിന്റെ ശതാബ്ദിയാഘോഷിച്ച് ഈഴവരെ പറ്റിക്കുന്ന സ്ഥിതിയാണുള്ളത്. എല്ലാവരും ജാതിനോക്കി വോട്ടുചെയ്യുമ്പോൾ ഈഴവർ ചിഹ്നത്തിൽ കുത്തുന്നതാണ് സമുദായത്തിന്റെ ശാപമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ നൂറുശതമാനം ശരിയാണ്.
യു.ഡി.എഫിൽ സമുദായ സമവാക്യം പാലിക്കാൻ ബാദ്ധ്യതയുള്ള പാർട്ടി കോൺഗ്രസാണ്. എന്നാൽ 17,000 ത്തോളം സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ഈഴവർക്ക് നൽകിയ പ്രാതിനിദ്ധ്യം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഇടതുപക്ഷത്തെ സ്ഥിതി താരതമ്യേന മെച്ചമാണെങ്കിലും അവിടെയും ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിദ്ധ്യമില്ല.
ബി.ജെ.പി സവർണകേന്ദ്രീകൃതമായ പാർട്ടിയെന്ന് എല്ലാവർക്കുമറിയാം. ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യമുള്ളതിനാൽ എൻ.ഡി.എയിൽ കുറച്ച് പിന്നാക്കക്കാർക്ക് മത്സരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കേരളകൗമുദി ഉയർത്തിക്കൊണ്ടുവന്ന ഗൗരവമേറിയ വിഷയം രാഷ്ട്രീയ പാർട്ടികളോ പൊതുസമൂഹമോ ചർച്ച ചെയ്യാത്തത് ഖേദകരമാണ്. ചരിത്രപരമായ കാരണങ്ങളാൽ തിരുവിതാംകൂറിൽ ഡോ. പല്പുവിന് ജോലി നിഷേധിച്ചെന്നത് ശരിയാണ്. പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആ കഥയും പറഞ്ഞിരിക്കണമോയെന്ന് ഈഴവസമുദായത്തിലെ ബുദ്ധിജീവികൾ ചിന്തിക്കണമെന്നും ജയശങ്കർ പറഞ്ഞു.