ബുഡാപെസ്റ്റ്: കൊവിഡിൽ നിന്ന് രക്ഷനേടണമെങ്കിൽ സാന്താക്ലോസ് വരെ മാസ്ക് ധരിച്ചേ പറ്റൂ. ഹംഗറി സ്വദേശിയായ ഫുഡ് ആർട്ടിസ്റ്റായ ലസാലോ റിമോഷി തന്റെ സാന്താക്ലോസുകൾക്ക് ഫേസ്മാസ്കുകൾ നൽകുന്ന തിരക്കിലാണ്. ലസാലോയുടെ സാന്താക്ലോസിനെ കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. കാരണം, ചോക്ലേറ്റിൽ നിർമ്മിച്ചവയാണിത്.
ഹംഗറിയിലെ ഒരു ഫുഡ് ഷോപ്പിലാണ് മാസ്‌കണിഞ്ഞ സാന്തകളെ ലസാലോ പ്രദർശനത്തിന് വച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് ആളുകളെ ബോധവത്ക്കരിക്കാനും രസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ചോക്ലേറ്റ് ക്രിസ്മസ് അപ്പൂപ്പന്മാർക്ക് ക്രീം കൊണ്ട് ഫേസ്മാസ്ക് നൽകിയതെന്ന് ലസാലോ പറയുന്നു. സാന്താ ചോക്ലേറ്റുകൾക്ക് അസംഖ്യം ഓർഡറുകൾ ലഭിച്ചതോടെ ഇത് വാർത്തയായി. 'സാന്താ കിലോമീറ്ററുകൾ സഞ്ചരിച്ചല്ലേ ഇവിടെ എത്തുക, അതുകൊണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്.' ലസാലോ റോയിറ്റേഴ്‌സിനോട് പറയുന്നു.
ഗ്ലൂട്ടൻ ഫ്രീ ഇറ്റാലിയൻ ചോക്ലേറ്റിലാണ് സാന്താക്ലോസുകളെ ഉണ്ടാക്കുന്നത്. ഒരു ദിവസം 100 എണ്ണമെങ്കിലും കുറഞ്ഞത് തയ്യാറാക്കാറുണ്ട്. ചുവന്ന ഫുഡ് കളർ ഉപയോഗിച്ചാണ് സാന്തയുടെ തൊപ്പി ഒരുക്കുന്നത്. ചെറിയ മാസ്‌കുകൾ വെള്ള മർസിപ്പാൻ സ്ട്രിപ്സുകൾ ഉപയോഗിച്ചും മാസ്‌കിന്റെ നാട ഐസിംഗുകൊണ്ടും തയ്യാറാക്കും.
നേരത്തെ പായ്ക് ചെയ്താണ് സാന്താ ചോക്ലേറ്റുകൾ നൽകിയിരുന്നത്. ഇപ്പോൾ എല്ലാവർക്കും ഫേസ്മാസ്‌ക് അണിഞ്ഞ സാന്തയെ മതി - ലസാലോ പറയുന്നു. അതുകൊണ്ട് പൊതിഞ്ഞ് നൽകാൻ പറ്റുന്നില്ലെന്നാണ് ലസാലോയുടെ പരാതി. എങ്കിലും കൊവിഡ് മൂലം മോശമായ കച്ചവടം വീണ്ടും പച്ചപിടിച്ചതിന്റെ സന്തോഷത്തിലാണ് ലസാലോ.