തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊളളുന്നതിനിടെ സ്വന്തം വിവാഹം നടത്തേണ്ടി വന്ന സ്ഥാനാർത്ഥി. മറ്റെങ്ങുമല്ല, തിരുവനന്തപുരം വളളക്കടവിലെ യു ഡി എഫ് സ്ഥാനാർഥി അൻവർ നാസറിന്റെ വിവാഹമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടന്നത്.
അൻവറിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത് അപ്രതീക്ഷിതമായിട്ടായിരുന്നു. കൊവിഡ് കാരണം ഒരുതവണ വിവാഹം മാറ്റിവയ്ക്കേണ്ടി വന്ന അൻവറിനും കുടുംബത്തിനും ഇനിയും വിവാഹ തീയതി മാറ്റുന്നതിനോട് യോജിപ്പില്ലായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് തിരക്കുകൾ താത്ക്കാലികമായി മാറ്റി വച്ച് വിവാഹം നടത്തിയത്.
രണ്ട് ദിവസം മാത്രമാണ് പ്രചാരണത്തിന് അവധി നൽകിയത്. നാളെ മുതൽ വീണ്ടും പ്രചാരണത്തിന് ഇറങ്ങുമെന്ന് അൻവർ നാസർ പറഞ്ഞു. പൊതുപ്രവർത്തകനാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നും, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ സന്തോഷമേ ഉളളൂവെന്നും വധു റോഷ്‌നിയും പറഞ്ഞു. നാളെ മുതൽ ഭർത്താവിനൊപ്പം വോട്ട് പിടിക്കാൻ താനും ഉണ്ടാകുമെന്നും റോഷ്‌നി പറയുന്നു.
വിവാഹ ചടങ്ങുകൾക്ക് എത്തിയവരോട് ഭർത്താവിന് വേണ്ടി വോട്ട് ചോദിക്കും റോഷ്‌നി മറന്നില്ല. തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ് നാട്ടുകാർക്ക് വേണ്ടി വിവാഹ പാർട്ടിയും ഒരുക്കിയിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർഥിയായ അൻവർ മുസ്ലീം ലീഗ് പ്രവർത്തകനാണ്. ഡോക്ടർ കൂടിയാണ് അൻവർ, വധു റോഷ്നി കോളേജ് അദ്ധ്യാപികയാണ്.