കൊവിഡ് രോഗം മൂലമുണ്ടായേക്കാവുന്ന നിരവധി തരം ആരോഗ്യ പ്രശ്‌നങ്ങൾ പഠനങ്ങളിലൂടെ ലോകമാകെയുളള ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പലവിധ ഗുരുതര പ്രശ്‌നങ്ങൾ രോഗംമൂലം സംഭവിക്കാം. എന്നാൽ അടുത്തകാലത്ത് പുറത്തുവന്ന പഠന റിപ്പോർട്ട് അനുസരിച്ച് കൊവിഡ് രോഗം ബാധിച്ചിട്ടുളള പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കുറയ്‌ക്കുന്നതിന് രോഗം ഇടയാക്കും എന്ന് കണ്ടെത്തിയിരിക്കുകയാണ്.
ഗർഭധാരണത്തെയും വന്ധ്യതയെ കുറിച്ചുളള അന്താരാഷ്‌ട്ര ആനുകാലിക ലേഖനത്തിലാണ് ഇത്തരത്തിലുളള പുതിയ പഠന വിവരമുളളത്. കൊവിഡ് വൈറസ് പുരുഷ പ്രത്യുൽപാദന അവയവവുമായി ബന്ധപ്പെട്ട കലകളെ നേരിട്ട് ബാധിക്കുകയും അത്തരത്തിൽ പുരുഷന്മാരിലെ വന്ധ്യതയിലേക്ക് നയിച്ചേക്കാമെന്നുമാണ് പഠനങ്ങൾ. രോഗം മൂലം പുരുഷബീജത്തിന് ഗർഭധാരണത്തിലേക്ക് നയിക്കാനുളള ശേഷി അൻപത് ശതമാനം കുറഞ്ഞേക്കാമെന്നാണ് ഇസ്രായേലിൽ നിന്നുളള ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ ഏത്‌തരം വൈറസ് ബാധയും താൽക്കാലികമായി പുരുഷന്മാരിലെ പ്രത്യുൽപാദന ശേഷിയെ കുറച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു. കൊവിഡ് വന്നവരിൽ രോഗപ്രതിരോധ ശേഷി തീരെ കുറവായിരിക്കുമെന്നും അതിനാൽ തന്നെ പ്രത്യുൽപാദന ശേഷി കുറഞ്ഞിരുന്നാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മതേഴ്‌സ് ലാപ് ഐ.വി.എഫ് സെന്ററിലെ മെഡിക്കൽ ഡയറക്‌ടർ ഡോ.ശോഭ ഗുപ്‌ത പറയുന്നത്.
എന്നാൽ നോയിഡയിലെ ജെ.പി വന്ധ്യത നിവാരണ ആശുപത്രിയിലെ ഡോ.ശ്വേത ഗോസ്വാമിയ്‌ക്ക് മറ്റൊരു അഭിപ്രായമാണുളളത്. 'കൊവിഡ് പോലുളള ഏതൊരു വലിയ രോഗവും പുരുഷ ബീജാണുക്കളുടെ അളവിൽ കുറവിന് കാരണമാകാം അതുവഴി താൽക്കാലികമായെങ്കിലും വന്ധ്യതയ്ക്ക് കാരണമാകാം. എന്നാൽ കൊവിഡ് പ്രാരംഭ സമയത്ത് വന്നൊരാൾക്ക് ഭേദമായ ശേഷം മൂന്ന് നാല് മാസങ്ങൾക്ക് ശേഷമായെങ്കിലും നിലവിൽ കൊവിഡ് വന്ധ്യതയ്‌ക്ക് കാരണമാകുമോ എന്നത് ഇപ്പോൾ അനുമാനിക്കുന്നത് വളരെ നേരത്തെയാണ്.' അവർ അഭിപ്രായപ്പെടുന്നു.