തിരുവനന്തപുരം : അകാലത്തിൽ പൊലിഞ്ഞുപോയ ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ വി.പി. സത്യന്റെ ഭാര്യ അനിത സത്യന് അർഹമായ പ്രൊമോഷൻ രണ്ട് വർഷത്തിലേറെയായി നൽകാതിരിക്കുകയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ. പ്രൊമോഷന് അപേക്ഷിച്ച ശേഷം പലതവണ റിമൈൻഡറുകൾ നൽകിയെങ്കിലും ഒരു നടപടിയും കൗൺസിൽ സ്വീകരിച്ചിട്ടില്ല.
സത്യന്റെ മരണത്തിന് ശേഷം 2007ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാന്ദൻ മുൻകൈ എടുത്താണ് അനിതയ്ക്ക് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ എൽ.ഡി ക്ളാർക്കായി നിയമനം നൽകിയത്. 13 വർഷത്തെ സർവീസ് പിന്നിടുമ്പോഴും അനിത എൽ.ഡി ക്ളാർക്ക് തന്നെ. 2018 സെപ്തംബറിൽ യു.ഡി.ക്ളാർക്കായി നിയമനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ വർഷം രണ്ടുകഴിഞ്ഞിട്ടും അനിതയുടെ അപേക്ഷ കൗൺസിലിലെ മേശകൾ നിരങ്ങുകയാണ്. കൗൺസിൽ പ്രസിഡന്റായ മേഴ്സിക്കുട്ടൻ ഉൾപ്പടെയുള്ളവരോട് പലതവണ അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ലെന്ന് അനിത പറയുന്നു.
പദവി മോഹിച്ചല്ല പ്രൊമോഷന് അപേക്ഷ നൽകിയതെന്ന് അനിത പറയുന്നു. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് എടുത്ത ലോൺ ഉൾപ്പടെയുള്ള സാമ്പത്തിക ബാദ്ധ്യതകൾക്ക് പ്രൊമോഷൻ വഴി ലഭിക്കുന്ന ശമ്പളവർദ്ധനവ് ആശ്വാസമാകും. നിയമപരമായി ലഭിക്കേണ്ട ഉദ്യോഗക്കയറ്റം എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന് കൗൺസിലിൽ അന്വേഷിക്കുമ്പോൾ തന്റെ ഫയൽ കണ്ടിട്ടില്ല എന്നരീതിയിലുള്ള മറുപടി ലഭിക്കുന്നത് നിരാശപ്പെടുത്തുന്നുവെന്നും അവർ പറയുന്നു.
സംസ്ഥാന സ്പോർട്സ് കൗൺസിലിലെ ജീവനക്കാരുടെ നിയമപരമായ അനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് ആദ്യമല്ല. ഒന്നര വർഷം മുമ്പ് വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഇനിയും നൽകിയിട്ടില്ല. കായികപദ്ധതികൾ നടപ്പിലാക്കാൻ സർക്കാൻ പ്ളാൻ ഫണ്ടായി അനുവദിക്കുന്ന തുക കൗൺസിലിന്റെ കെടുകാര്യസ്ഥത മൂലം കഴിഞ്ഞ കുറച്ചുവർഷമായി പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ്.
അർഹതപ്പെട്ട പ്രമോഷനെക്കുറിച്ച് അന്വേഷിക്കുമ്പോൾ ലഭിക്കുന്ന മറുപടി നിരാശാജനകമാണ്.കൗൺസിലിലെ ഉദ്യോഗസ്ഥയായ എന്റെ ഫയലിന്റെ കാര്യം ഇങ്ങനെയാണെങ്കിൽ സാധാരണക്കാരായ കായികതാരങ്ങളുടെ കാര്യത്തിൽ എന്തായിരിക്കും സ്ഥിതി.
- അനിത സത്യൻ
വി.പി സത്യന്റെ ഭാര്യ കൗൺസിലിൽ ജോലി നോക്കുന്നുണ്ടോ എന്ന് അറിയില്ല. അവരുടെ പ്രോമോഷൻ അപേക്ഷ കണ്ടിട്ടില്ല. അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട സെക്ഷനിൽ പരിശോധിച്ച് നടപടിയെടുക്കും.
- ഗോപകുമാർ, സെക്രട്ടറി ,
സംസ്ഥാന സ്പോർട്സ് കൗൺസിൽ