covid-patient

കൊല്‍ക്കത്ത: കൊവിഡ് മഹമാരി രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. മറ്റ് സംസ്ഥാനങ്ങളില്‍ ദിനം പ്രതിയുള്ള കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ സംസ്ഥാനത്ത് രോഗബാധിതര്‍ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതിനിടെ കൊവിഡ് ബാധിച്ച് മരിച്ച് മൃതസംസ്‌കാരത്തിന് ശേഷം പരേതന്‍ ജീവനോടെ വീട്ടില്‍ എത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


കൊവിഡ് ബാധിച്ച് മരിച്ചയാള്‍ തിരിച്ചെത്തി

പശ്ചിമ ബംഗാളിലെ പാര്‍ഗ്‌നാസ് ജില്ലയിലുള്ള എഴുപത്തിയഞ്ചുകാരനായ ശിബ്ദാസ് ബാനര്‍ജിയെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നവംബര്‍ നാലാം തീയതിയാണ്. നഗരത്തിലെ ബാല്‍റാംപൂര്‍ ബസു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നവംബര്‍ 13ന് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ശിബ്ദാസ് ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ മരിച്ചത് ശിബ്ദാസ് ബാനര്‍ജി ആാണോ എന്നറിയാന്‍ വീട്ടുകാര്‍ക്ക് സാധിച്ചില്ല. മൃതദേഹം ലഭിച്ചതിന് പിന്നാലെ സംസ്‌കാര ചടങ്ങുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.


സഞ്ചയത്തിനിടെ 'പരേതന്‍' തിരിച്ചെത്തി

സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ സഞ്ചയനത്തിനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെ ശിബ്ദാസ് ബാനര്‍ജി മരിച്ചിട്ടില്ലെന്ന വിവരം ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നത്. അദ്ദേഹം കൊവിഡ് മുക്തി നേടിയെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. മറവ് ചെയ്തത് മറ്റാരുടെയോ മൃതദേഹം ആണെന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായി. ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ശിബ്ദാസ് ബാനര്‍ജിയെ കൊവിഡ് മുക്തി നേടിയ നിലയില്‍ കണ്ടെത്തുകയും ചെയ്തു. മോഹിനിമോഹന്‍ മുഖര്‍ജി എന്ന എഴുപത്തിയഞ്ചുകാരന്റെ മൃതദേഹമാണ് ശിബ്ദാസാണെന്ന പേരില്‍ ബന്ധുക്കള്‍ നല്‍കിയതെന്നും കണ്ടെത്തി.


പിഴവ് സംഭവിച്ചത് എങ്ങനെ

ശിബ്ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതേ ദിവസം തന്നെയാാണ് മുഖര്‍ജിയേയും കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ മുഖര്‍ജിയുടേതിന് പകരമായി അയച്ച് നാല്‍കിയത് ശിബ്ദാസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടാണ്. ഈ വീഴ്ചയാണ് മൃതദേഹം മാറി നല്‍കാന്‍ കാരണമായത്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ തപസ് റോയ് വ്യക്തമാക്കിയതായി.