ചീങ്കണ്ണിയുടെ വായിലകപ്പെട്ട " ഗണ്ണർ " എന്ന തന്റെ വളർത്തു നായക്കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് താരമായി മാറിയിരിക്കുകയാണ് ഫ്ലോറിഡ സ്വദേശിയായ 74 കാരൻ റിച്ചാർഡ് വിൽബാങ്ക്സ്. റിച്ചാർഡ് വെള്ളത്തിലേക്ക് ചാടിയിറങ്ങി തടാകത്തിന്റെ അടിത്തട്ടിൽ നിന്നും ചീങ്കണ്ണിയെ കരയിലേക്ക് വലിച്ചെടുക്കുന്നത് കാണാം. തടാകത്തിന്റെ കരയിൽ നടക്കുന്നതിനിടെ ചീങ്കണ്ണി പാഞ്ഞെത്തി നായക്കുഞ്ഞിനെയും കൊണ്ട് തടാകത്തിനടിയിലേക്ക് ഊളിയിടുകയായിരുന്നു.
നായക്കുഞ്ഞിനെ തന്റെ വായിൽ കടിച്ചു പിടിച്ചിരിക്കുകയായിരുന്നു ചീങ്കണ്ണി. ഇരുകൈകളും കൊണ്ട് റിച്ചാർഡ് ചീങ്കണ്ണിയുടെ വായിൽ ശക്തമായി പിടിച്ച് നായക്കുഞ്ഞിനെ പുറത്തെടുക്കുന്നതും കാണാം. ആകെ ഭയന്ന് പോയ നായക്കുഞ്ഞ് പുറത്ത് കടന്നയുടൻ ഓടി രക്ഷപ്പെടുന്നുണ്ട്. ഏതായാലും ചീങ്കണ്ണിയുടെ വലിപ്പം കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ഗണ്ണറിന്റെ വയറിനും റിച്ചാർഡ് വിൽബാങ്ക്സിന് കൈക്കും നേരിയ പരിക്കുണ്ട്. ' കാവലിയർ കിംഗ് ചാൾസ് സ്പാനിയൽ ' ബ്രീഡിൽപ്പെട്ട നായക്കുഞ്ഞിന് വെറും മൂന്ന് മാസമാണ് പ്രായം.