പോംപി: ജീവൻ കവരാൻ വന്ന അഗ്നിപർവത ലാവയിൽ നിന്ന് ആ യജമാനനും വിശ്വസ്തനായ അടിമയും ഭാഗ്യം കൊണ്ട് ആദ്യ ദിനം രക്ഷപ്പെട്ടു. വീടിന്റെ ഭൂനിരപ്പിനു താഴെയുള്ള അറയിലാണ് അവർ ഇരുന്നത്. എന്നാൽ, മരണം ചാരത്തിന്റെ രൂപത്തിൽ അവരെ രണ്ടാം ദിനം കാത്തിരിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ 2000 വർഷവും മൃതദേഹങ്ങൾ അതേപടി കിടക്കുകയായിരുന്നു. 2000 വർഷം മുൻപ് വെസൂവിറസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ നശിച്ച ഇറ്റലിയിലെ പോംപി എന്ന പുരാതന നഗരത്തിൽ നിന്നാണ് പുരാവസ്തു ഗവേഷകർ ഒടുവിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അഗ്നിപർവതത്തിലെ ചാരവും പിന്നാലെ അടിഞ്ഞു കൂടിയ മണ്ണും മൂലം മൃതദേഹങ്ങൾക്ക് അധികം കേടുപാടുകൾ ഇല്ലായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള നഗരത്തിന്റെ ശേഷിപ്പുകൾ തേടി നിരവധി വർഷങ്ങളായി പ്രദേശത്ത് ഗവേഷണം പുരോഗമിക്കുകയാണ്.
ചാരം മൂടിയ സ്ഥലത്ത് ഇവരുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നിടം ദ്രവിച്ച് വിടവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ പൊള്ളയായ ഭാഗത്തേയ്ക്ക് ദ്രാവകരൂപത്തിലുള്ള ചോക്ക് ഒഴിച്ചപ്പോൾ മൃതദേഹങ്ങൾ കിടന്ന രൂപത്തിൽ പ്രതിമ കണക്കേ ഇരുവരുടെയും രൂപങ്ങൾ കിട്ടുകയായിരന്നു.
ഗവേഷകർ പറയുന്നത്
അഗ്നിപർവതം പൊട്ടിത്തെറിച്ച ചാരം ആകാശത്തു നിന്ന് മഴ പോലെ പെയ്തപ്പോൾ ആദ്യദിനം ഇരുവരും അപകടത്തിൽ നിന്ന് രക്ഷനേടി. പിറ്റേന്ന് വീണ്ടും വലിയ തോതിൽ പൊട്ടിത്തെറിയുണ്ടായതോടെ ആറടിയോളം കനത്തിലുള്ള ചാരത്തിൽ ഇവർ മുങ്ങിപ്പോകുകയായിരുന്നു. പോംപി നഗരത്തിന് സമീപമുള്ള കടൽത്തീരത്തായിരുന്നു ഇവരുടെ വീട് സ്ഥിതി ചെയ്തിരുന്നത്. എ.ഡി 79ലാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത് - ഗവേഷകർ പറയുന്നു.
അവശിഷ്ടങ്ങളുടെ സ്വഭാവത്തിൽ നിന്നാണ് ഇതിൽ ഒരാൾ അടിമയും മറ്റൊരാൾ യജമാനനും ആയിരിക്കാമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. ഒരാൾക്ക് 18നും 25 നും ഇടയിലാണ് പ്രായമെന്നും നട്ടെല്ലിലെ ഡിസ്കുകൾ തമ്മിൽ അകലമില്ലാതിരുന്ന ഇയാൾ ദേഹാധ്വാനം ചെയ്തിരുന്ന ആളാണെന്നും ഗവേഷകർ കണ്ടെത്തി. മറ്റേയാൾക്ക് 30നും 40നും ഇടയിൽ പ്രായമുണ്ടെന്നാണ് അനുമാനം. ഇയാൾ ഇറക്കമുള്ള ഒരു വസ്ത്രവും തോളിൽ ഒരു ഷാളും ധരിച്ചിരുന്നതായി ഗവേഷകർ പറയുന്നു.