elamaram-kareem

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും ജീവനക്കാരും 26ന് നടത്തുന്ന ദേശീയ പണിമുടക്കിൽ രാജ്യം സ്തംഭിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളംമരം കരീം എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10 ദേശീയ സംഘടനകളും ബാങ്കിംഗ് ഇൻഷ്വറൻസ്, റെയിൽവേ, കേന്ദ്ര- സംസ്ഥാന ജീവനക്കാരും ചേർന്നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 25ന് അ‌ർദ്ധരാത്രി മുതൽ 26ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. ദേശ വ്യാപകമായി നടത്തുന്ന പണിമുടക്കിൽ അവശ്യസേവന മേഖലയിലൊഴികെയുള്ള തൊഴിലാളികളും കർഷകരും പങ്കെടുക്കും. 26ന് നടക്കുന്ന നെറ്റ് പരീക്ഷയെ പണിമുടക്ക് ബാധിക്കില്ല.

സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ അഹമദ് കുട്ടി ഉണ്ണിക്കുളം (എസ്.ടി.യു), വി.കെ സദാനന്ദൻ (എ.ഐ.യു.ടി.യു.സി), ബിജു ആന്റണി (ജെ.എൽ.യു), പി.കെ മുകുന്ദൻ (സി.ഐ.ടി.യു), വിജയൻ കുനിശേരി (എ.ഐ.ടി.യു.സി),മനയത്ത് ചന്ദ്രൻ (എസ്.ടി.യു) തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.