സൂറിച്ച്: ജാഗ്രത പാലിച്ചില്ലെങ്കിൽ യൂറോപ്പിൽ 2021 ആദ്യം കൊവിഡിന്റെ മൂന്നാംവരവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് കാര്യ പ്രത്യേക ദൂതൻ ഡേവിഡ് നബാറോ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഒന്നാംഘട്ട വ്യാപനത്തിന് ശേഷം വേനൽക്കാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ട വ്യാപനം രൂക്ഷമായിരിക്കുകയാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും. രണ്ടാം ഘട്ട വ്യാപനം നേരിടുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടാൽ മൂന്നാം ഘട്ട വ്യാപനം ഉറപ്പാണ്.
പർവതപ്രദേശങ്ങൾ വീണ്ടും ടൂറിസത്തിന് തുറന്നുകൊടുത്ത സ്വിറ്റ്സർലൻഡിന്റെ നടപടിയേയും അദ്ദേഹം വിമർശിച്ചു. ഇതുവഴി ആ രാജ്യത്തെ മരണനിരക്ക് ഉയർന്നേക്കാം. കൊവിഡിനെതിരെ ദക്ഷിണ കൊറിയയെപ്പോലുള്ള രാജ്യങ്ങൾ നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. ഇക്കാര്യത്തിൽ യൂറോപ്പിന്റെ നിലപാട്
മികച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.