election

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ ആര് പിടിക്കും എന്നാണ് കേരളം മുഴുവൻ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയോ അതോ ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫോ എന്നാണ് ചോദ്യം.

പതിനെട്ട് അടവും പയറ്റി ഏതുവിധേനയും കോർപ്പറേഷൻ പിടിച്ചെടുക്കാൻ ഉളള ഒരുക്കത്തിലാണ് ബി.ജെ.പി. സിനിമാനടൻ കൃഷ്‌ണകുമാർ ആണ് ഇപ്പോൾ തലസ്ഥാനത്തെ ബി.ജെ.പിയുടെ താരപ്രചാരകൻ. യുവമോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ് നേരിട്ട് മത്സരത്തിനിറങ്ങിയാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്.

കൃഷ്‌ണകുമാർ ഇറങ്ങി

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സിനിമാനടൻ കൃഷ്ണകുമാറും രംഗത്തിറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികളിൽ വലിയ ഓളം സൃഷ്‌ടിക്കാൻ കൃഷ്‌ണകുമാറിന് സാധിക്കുന്നുണ്ട്. പ്രവർത്തകരെ ആവേശത്തിലാക്കുന്ന പ്രസംഗമാണ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സിനിമാ താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കൺവൻഷനുകളിൽ സ്ഥിരം സാന്നിദ്ധ്യമാണ്.

നമ്മൾ ജയിക്കും നമ്മൾ ഭരിക്കും

'നമ്മൾ ജയിക്കും, നമ്മൾ ഭരിക്കും' എന്ന തലക്കെട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങൾ കൃഷ്‌ണകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. നേരത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി അനുകൂല പ്രസ്‌താവനകൾ നടത്തി പുലിവാല് പിടിച്ച താരമാണ് കൃഷ്‌ണകുമാർ. താരത്തിന്റെ മകളും സൈബർ കെണിയിൽ പലതവണ ചെന്നുചാടിയിട്ടുണ്ട്. അടുത്തിടെയാണ് കൃഷ്‌ണകുമാർ തന്റെ ബി.ജെ.പി അനുഭാവം വെളിപ്പെടുത്തിയത്. ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. നേരത്തേ തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചാരണ പരിപാടികൾ തുടങ്ങിയ സി.പി.എമ്മും എൽ.ഡി.എഫും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഭരണത്തുടർച്ചയല്ലാതെ മറ്റൊരു കാര്യം എൽ.ഡി.എഫിന് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ തൊട്ടുപിറകിൽ തന്നെ ബി.ജെ.പി ഉണ്ട്.

യുവാക്കളുടെ നിര

സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയ എൽ.ഡി.എഫ് പ്രചാരണത്തിന്റെ തുടക്കത്തിൽ പതിവ് മേൽക്കൈ നേടാൻ പ്രത്യേകം ശ്രദ്ധിച്ചു. 70 സീറ്റുകളിൽ സി.പി.എം ആണ് മത്സരിക്കുന്നത്. ഇതിൽ 66 ശതമാനം സീറ്റുകളിലും വനിതകളാണ് സ്ഥാനാർത്ഥികൾ എന്ന പ്രത്യേകതയുണ്ട്. വലിയൊരു വിഭാഗം സ്ഥാനാർത്ഥികളും യുവാക്കളുമാണ്.

ചിലയിടത്ത് തർക്കങ്ങൾ

ബി.ജെ.പിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പലയിടത്തും ഇപ്പോഴും പലയിടത്തും തർക്കം നിലനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ പാർട്ടി നേതാക്കളുടെ രാജിയും വിമത സ്ഥാനാർത്ഥികളും എല്ലാം ബി.ജെ.പിയ്ക്ക് തലവേദന സൃഷ്‌ടിക്കുന്നുണ്ട്.

ഇത്തവണ മേയർ സ്ഥാനം വനിതാ സംവരണമായിട്ട് പോലും വി.വി. രാജേഷിനെ രംഗത്തിറക്കിയത് വിജയത്തിൽ കുറഞ്ഞ ഒന്നും മുന്നിലില്ല എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ്. സംസ്ഥാന സെക്രട്ടറിയായ എസ്. സുരേഷിനെ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ബി.ജെ.പി മത്സരിപ്പിക്കുന്നുണ്ട്.

അതേസമയം, സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇത്തരം താര സ്ഥാനാർത്ഥികൾ ആരും തന്നെ ഇത്തവണ ഇല്ലെന്ന പ്രത്യേകതയും ഉണ്ട്. എന്നാൽ, പ്രാദേശികമായി വലിയ സ്വാധീനമുളളവരെയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത് എന്നാണ് വിവരം.

കോൺഗ്രസും യു.ഡി.എഫും

കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അപ്രസക്തരാക്കപ്പെട്ടത് കോൺഗ്രസും യു.ഡി.എഫും ആയിരുന്നു. കോൺഗ്രസിന്റെ പല വാർഡുകളും ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ ശക്തമായ പോരാട്ടം പോലും കാഴ്ചവയ്‌ക്കാൻ ആകാത്ത സ്ഥിതിയിലാണ് കോൺഗ്രസിനും യു.ഡി.എഫിനുമുളളത്. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങളും വിവിധ സമുദായങ്ങളുടെ പ്രാതിനിദ്ധ്യക്കുറവും വിമത ശല്യവും ഒന്നും അവസാനിപ്പിക്കാൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.