pm-modi

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും. രാജ്യത്തെ വാക്സിന്‍ പരീക്ഷണങ്ങൾ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും. വാക്സിനുകള്‍ക്ക് അടിയന്തര അംഗീകാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമാകും.

നീതി ആയോഗിന്റെ അടുത്തിടെ നടന്ന യോഗത്തില്‍ വാക്സിനുകള്‍ക്ക് അടിയന്തര അംഗീകാരം നല്‍കല്‍, വാക്സിന്റെ വില, സമ്പാദനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ഫൈസര്‍, മൊഡേണ എന്നീ അമേരിക്കന്‍ കമ്പനികളുടെ വാക്സിന്‍ പരീക്ഷണം വിജയകരമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്.

രാജ്യത്ത് തിങ്കളാഴ്ച 44,059 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 511 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,33,738 ആയി ഉയര്‍ന്നു.