ആപ്പിളിന്റെ കോഡുകളും മോഷ്‌ടിക്കപ്പെട്ടു
ന്യൂയോർക്ക്: ചൈനീസ് ഇലക്‌ട്രിക് വാഹന നിർമ്മാണ കമ്പനിയായ എക്‌സ്‌പെംഗിനെതിരെ മോഷണ ആരോപണവുമായി ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ സി.ഇ.ഒ എലോൺ മസ്‌ക്. ട്വിറ്ററിൽ ഒരു ഫോളോവറുമായുള്ള ചാറ്റിംഗിനിടെയാണ്, ടെസ്‌ലയുടെ പഴയ കോഡുകൾ എക്‌സ്‌പെംഗിന്റെ കൈയിലുണ്ടെന്ന് മസ്‌ക് പറഞ്ഞത്. തൊട്ടുതാഴെ മറ്റൊരു കമന്റിൽ, ആപ്പിളിന്റെ കോഡുകളും എക്‌സ്‌പെംഗ് മോഷ്‌ടിച്ചെന്ന് മസ്‌ക് പറഞ്ഞു.
ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) സാദ്ധ്യമാക്കുന്ന ലിഡാർ ടെക്‌നോളജി സോഫ്‌റ്റ്‌വെയർ ടെസ്‌ലയിൽ നിന്ന് എക്‌സ്‌പെംഗ് കൈവശപ്പെടുത്തിയെന്നാണ് മസ്‌കിന്റെ ആരോപണം. 2019 ജൂലായിൽ ഈ സോഫ്‌റ്റ്‌വെയർ സ്വന്തം ക്ലൗഡിൽ അപ്‌ലോഡ് ചെയ്‌തതിന് ഗ്വാങ്‌ചി കാവോ എന്ന ജീവനക്കാരനെതിരെ ടെസ്‌ല നിയമനടപടി സ്വീകരിച്ചിരുന്നു. ഇയാൾവഴിയാകാം സോഫ്‌റ്റ്‌വെയർ എക്‌സ്‌പെംഗിന് ലഭിച്ചത്.
എന്നാൽ, മസ്‌കിന്റെ മോഷണ ആരോപണം സംബന്ധിച്ച് മറ്റ് തെളിവുകൾ ഇല്ലാത്തതിനാൽ വരുംനാളുകളിൽ തർക്കം മുറുകിയേക്കും. 2021ൽ മുതൽ പുതിയ കാറുകളിൽ ഈ ടെക്‌നോളജി ഉപയോഗിക്കുമെന്ന് എക്‌സ്‌പെംഗ് വ്യക്തമാക്കിയിട്ടുണ്ട്.