wedding

കട്ടപ്പന: മിന്നുകെട്ടിനായി വധുവും കുടുംബാംഗങ്ങളും കട്ടപ്പന നിന്ന് വയനാട്ടിലേക്കു പോയത് ഹെലികോപ്റ്ററിൽ. വണ്ടൻമേട് ആമയാർ ആക്കാട്ടുമുണ്ടയിൽ ബേബിച്ചന്റെ ഇളയമകൾ മരിയ ലൂക്കയുടെ വിവാഹം വയനാട്ടിലെ പുൽപ്പള്ളിയിലാണ് നടന്നത്. മണിക്കൂറുകൾ നീണ്ട യാത്ര ഒഴിവാക്കാനാണ് ബേബിച്ചൻ നാല് ലക്ഷം രൂപ നൽകി ഹെലികോപ്റ്റർ ദിവസ വാടകയ്ക്ക് എടുത്തത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുത്തുള്ളൂ.

ഇന്നലെ കട്ടപ്പന ആമയാർ എം.ഇ.എസ്. സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് പുറപ്പെട്ട ഹെലികോപ്ടർ ഒന്നേകാൽ മണിക്കൂറിനുള്ളിൽ വയനാട്ടിലെത്തി. വയനാട് പുൽപ്പള്ളിയിലുള്ള വരൻ വൈശാഖിന്റെ ഇടവക പള്ളിയിൽ വച്ചായിരുന്നു വിവാഹം.വിവാഹ ശേഷം ബന്ധുക്കൾ ഹെലികോപ്റ്ററിൽ തന്നെ കട്ടപ്പനയിലേക്ക് പോയി. ബേബിച്ചൻ വളം മൊത്ത വ്യാപാരിയാണ്.