floyd-collins

ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ്, അതിദാരുണ സാഹചര്യത്തിൽ ഒരു ഗുഹാ പര്യവേഷകൻ കൊല്ലപ്പെട്ടു. ഇന്ന് അയാൾ കൊല്ലപ്പെട്ട പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. യു.എസിലെ കെന്റകിയിലുള്ള മാമത്ത് കേവ് നാഷണൽ പാർക്കിലെ ഗുഹാ ശൃംഖലകളിലെ ചില ഗുഹകൾ കണ്ടെത്തിയ ആളായിരുന്നു 37 കാരനായ ഫ്ലോയിഡ് കോളിൻസ്.

1917ലാണ് കോളിൻസ് ഇവിടുത്തെ ക്രിസ്റ്റൽ കേവ് കണ്ടെത്തിയത്. അദ്ദേഹം ഇത് സഞ്ചാരികൾക്കായി തുറന്നു കൊടുത്തെങ്കിലും അധികം ആരും വിദൂര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹയിലേക്കെത്തിയില്ല. തുടർന്ന് തൊട്ടടുത്ത് തന്നെ സാൻഡ് കേവ് എന്ന ഗുഹ കോളിൻസ് കണ്ടെത്തി.

ഗുഹയിലേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കാനായിരുന്നു കോളിൻസിന്റെ പദ്ധതി. അങ്ങനെ 1925 ജനുവരി 30ന് സാൻഡ് കേവിനുള്ളിലേക്ക് പര്യവേഷണം നടത്താനായി കോളിൻസ് പുറപ്പെട്ടു. പല ദുർഗടമായ ഗുഹകളിലും ഒറ്റയ്ക്ക് പര്യവേഷണങ്ങൾ നടത്തിയ പരിചയമുണ്ട് കോളിൻസിന്. അതുകൊണ്ട് ഇത്തവണയും മറ്റാരുടെയും സഹായം തേടിയില്ല.

floyd-collins

വളരെ നേർത്ത ഇടുക്കുകളിലൂടെ കോളിൻസ് ഗുഹയ്ക്കുള്ളിലേക്ക് അതിവിദഗ്ദ്ധമായി ഇറങ്ങി. ഭൂമിയ്ക്കടിയിൽ ഗുഹയിൽ 55 അടി താഴ്ചയിലുള്ള ടണലിൽ വച്ച് കോളിൻസിന്റെ കൈയ്യിലുണ്ടായിരുന്ന വിളക്ക് അണഞ്ഞു പോയി. അതോടെ അദ്ദേഹം ഇരുട്ടിലായി. പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ 11 കിലോ ഭാരമുള്ള കൂറ്റൻ പാറ കോളിൻസിന്റെ കാലിൽ വീണു. ഗുഹാ മുഖത്തിൽ നിന്നും 150 അടി അകലെ ഇരുട്ടിൽ കോളിൻസ് കുടുങ്ങി. അന്ന് രാത്രി മുഴുവൻ കോളിൻസിന് അവിടെ കഴിയേണ്ടി വന്നു.

പിറ്റേ ദിവസം കോളിൻസിന്റെ ഒരു സുഹൃത്താണ് കോളിൻസ് ഗുഹയിൽ കുടുങ്ങിയ വിവരം കണ്ടെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തകർ എത്തി ഗുഹയ്ക്കുള്ളിലേക്ക് പ്രകാശം കടത്തിവിട്ടു. ആഹാരവും വെള്ളവും നൽകി. എന്നാൽ കോളിൻസിനെ ഗുഹയിടുക്കിൽ നിന്നും പുറത്തെത്തിക്കാൻ മാത്രം കഴിഞ്ഞില്ല. ഒരാഴ്ചയിലേറെ കോളിൻസ് ഗുഹയ്ക്കുള്ളിൽ കഴിഞ്ഞു.

കോളിൻസ് ഗുഹയിൽ കുടുങ്ങിയ വിവരമറിഞ്ഞ് മാദ്ധ്യമ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേർ തടിച്ചുകൂടി. ടൂറിസ്റ്റുകൾ പോലും രക്ഷാപ്രവർത്തനം കാണാനെത്തി. ഫെബ്രുവരി 5ന് ഗുഹയ്ക്കുള്ളിലെ ടണൽ ഇടിഞ്ഞു വീണു. ഗുഹാ മുഖം അടഞ്ഞു പോവുകയും കോളിൻസ് മാത്രം അതിനുള്ളിൽ പെടുകയും ചെയ്തു.

രക്ഷാപ്രവർത്തകർ ആവുന്നത്ര പരിശ്രമിച്ചു. സമാന്തരമായി മറ്റൊരു ടണൽ കുഴിച്ച് ഗുഹയ്ക്കുള്ളിൽ കടക്കാനും ശ്രമിച്ചു. ഒടുവിൽ ഫെബ്രുവരി 17ന് രക്ഷാപ്രവർത്തകർക്ക് കോളിൻസിന്റെ അടുത്തെത്താൻ കഴിഞ്ഞു. എന്നാൽ അവർ എത്തുന്നതിന് മൂന്ന് ദിവസം മുമ്പ് കൊളിൻസ് മരിച്ചിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെയായിരുന്നു മരണം.

പക്ഷേ, കോളിൻസിന്റെ മൃതദേഹം പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. കോളിൻസിന്റെ മരണാനന്തര ചടങ്ങുകൾ ഗുഹയ്ക്ക് പുറത്ത് നടത്തി. രണ്ട് മാസത്തിന് ശേഷം ഏപ്രിൽ 23ന് കോളിൻസിന്റെ മൃതദേഹം പുറത്തെടുത്ത് സംസ്കരിച്ചു. കോളിൻസ് മുമ്പ് കണ്ടെത്തിയ ക്രിസ്റ്റൽ കേവിനടുത്തായിരുന്നു മൃതദേഹം സംസ്കരിച്ചത്.

floyd-collins

രണ്ട് വർഷങ്ങൾക്ക് ശേഷം കോളിൻസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ പ്രദേശവും ഗുഹയും അദ്ദേഹത്തിന്റെ അച്ഛൻ മറ്റൊരാൾക്ക് വിറ്റു. ഇയാൾ കോളിൻസിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് എംബാം ചെയ്ത് ക്രിസ്റ്റൽ ഗുഹയിൽ വച്ചു. ഇത് കാണാനായി സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തി.

1929ൽ കോളിൻസിന്റെ എംബാം ചെയ്ത മൃതശരീരം കാണാതായി. പിന്നീട് അടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ഇടത് കാൽ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. കോളിൻസിന്റെ മൃതദേഹം പിന്നീട് പ്രത്യേക സുരക്ഷാ ചങ്ങലകളോടെ ക്രിസ്റ്റൽ കേവിനുള്ളിൽ സ്ഥാപിച്ചു. 1961ൽ ക്രിസ്റ്റൽ കേവ് സന്ദർശകരെ വിലക്കിക്കൊണ്ട് അടച്ചു. കുടുംബം ആവശ്യപ്പെട്ട പ്രകാരം കോളിൻസിന്റെ മൃതദേഹം 1989ൽ അടുത്തുള്ള പള്ളിയിൽ സംസ്കരിച്ചു. അപകടത്തിന് ശേഷം സാൻഡ് കേവിലേക്ക് ആരെയും പ്രവേശിപ്പിച്ചിട്ടില്ല. അവിടം ഒരു അനാഥ പ്രേതത്തെ പോലെ അവശേഷിക്കുന്നു.

കോളിൻസിന്റെ ആത്മാവ് ഇന്നും പ്രദേശത്തെ ഗുഹകളിലുണ്ടെന്നാണ് വിശ്വാസം. ഒരിക്കൽ മാമത്ത് കേവ് പ്രദേശത്തെ ഒരു ഗുഹയിൽ കാൽ വഴുതി വീഴാൻ പോയ ഒരു സ്ത്രീയെ ആരോ കൈയ്യിൽ പിടിച്ച് മുകളിലെത്തിച്ചെന്നും തന്റെ കൂടെയുണ്ടായിരുന്നവരിൽ ആരോ ആണ് അതെന്ന് ആദ്യം കരുതിയെങ്കിലും ചുറ്റും ആരെയും സ്ത്രീ കണ്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. കോളിൻസിന്റെ പ്രേതമാണ് ആ സ്ത്രീയെ രക്ഷിച്ചതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.