ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഇന്ത്യയിൽ ലഭ്യമായേക്കും
ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഷീൽഡ് കൊവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് ഔഷധ നിർമ്മാണ കമ്പനി ആസ്ട്രസെനേക. വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് ബ്രിട്ടനിലും ബ്രസീലിലും നടന്ന മൂന്നാംഘട്ട പരീക്ഷണങ്ങളിൽ വ്യക്തമായെന്നും കമ്പനി അറിയിച്ചു. 20,000 വോളന്റിയർമാരാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഇതിൽ 131 പേരിൽ മാത്രമാണ് രോഗബാധയുണ്ടായത്.
ഒരു മാസത്തെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് മുഴുവൻ ഡോസും നൽകിയപ്പോൾ ഫലപ്രാപ്തി 90 ശതമാനം ആണെന്ന് കണ്ടെത്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണ്. കൊവിഡിനെ പ്രതിരോധിക്കാൻ വളരെയധികം ശേഷിയുള്ളതാണ് വാക്‌സിനെന്ന് ആസ്ട്രസെനേക മേധാവി പാസ്‌കൽ സോറിയോട്ട് പറഞ്ഞു.
അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നും മറ്റൊരു അമേരിക്കൻ കമ്പനിയായ മൊഡേണയുടെ വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കഴിഞ്ഞദിവസം ഇരു കമ്പനികളും അറിയിച്ചിരുന്നു.
സീറം ഇൻസ്റ്റിറ്റ്യൂട്ടിന് നിർമ്മാണ ചുമതല
ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് കൊവിഷീൽഡിന്റെ നിർമ്മാണ ചുമതല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആരോഗ്യപ്രവർത്തകർക്ക് രാജ്യത്ത് വാക്സിൻ ലഭ്യമാക്കിയേക്കും. ലോകത്തെങ്ങുമുള്ള വിതരണത്തിന് സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നൂറു കോടി ഡോസ് ഉൽപാദിപ്പിക്കാനാണ് ഓക്സ്ഫോർഡിന്റെയും ആസ്ട്രസെനേകയുടെയും പദ്ധതി.