ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. സല, വാൻ ഡിജ്ക്, ട്രെൻഡ് അലക്സാണ്ടർ അർനോൾഡ്, ജോർദാൻ ഹൻഡേഴ്സൺ തുടങ്ങി ഏഴോളം പ്രമുഖ താരങ്ങളില്ലാതെയിറങ്ങിയിട്ടും ലിവർപൂൾ തകർപ്പൻ ജയം നേടുകയായിരുന്നു.
ജോൾട്ട, ഫിർമിനോ എന്നിവർ ലിവറിനായി ലക്ഷ്യം കണ്ടപ്പോൾ ലെസ്റ്രർ താരം ജോണി ഇവാൻസിന്റെ വകയായി സെൽഫ് ഗോളും ലിവറിന്റെ അക്കൗണ്ടിൽ എത്തി. ജയത്തോടെ പോയിന്റ് ടേബിളിൽ ലിവർ പോയിന്റ് ടേബിളിൽ രണ്ടാമതാണിപ്പോൾ.
മറ്രൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്രഡും ആഴ്‌സനലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. 51-ാം മിനിട്ടിൽ നിക്കോളാസ് പെപ്പെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്ത് പേരുമായാണ് ആഴ്സനൽ മത്സരം പൂർത്തിയാക്കിയത്.
മിലാന് ജയം
ഇറ്രാലിയൻ സെരി എയിൽ എ.സി മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നാപ്പൊളിയെ കീഴടക്കി. ഇരട്ട ഗോളുമായി തിളങ്ങിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ് മിലാന്റെ വിജയ ശില്പി. ജൻസ് പീറ്രർ ഹൗഗേയും മിലാനായി നാപ്പൊളി വലകുലുക്കി. അറുപത്തിമ്മൂന്നാം മിനിട്ടിൽ ഡ്രൈസ് മെർട്ടൻസാണ് നാപ്പൊളിയുടെ ആശ്വാസ ഗോൾ നേടിയത്.
തിമോയി ബകായോക്കൊ രണ്ട് മഞ്ഞക്കാർഡ് കണ്ട് മാർച്ചിംഗ് ഓർഡർ വാങ്ങി 65-ാം മിനിട്ടിൽ കളം വിട്ടതിനാൽ തുടർന്ന് നാപ്പൊളിക്ക് പത്തുപേരുമായി കളിക്കേണ്ടി വന്നു. പോയിന്റ് ടേബിളിൽ 8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി മിലാനാണ് ഒന്നാമത്.