ബാംബോലി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് സിറ്റി എഫ്.സി മറുപടിയില്ലാത്ത ഒരു ഗോളിന് ഒഡീഷ എഫ്.സിയെ കീഴടക്കി. അരിഡാനെ സന്റാന പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്.
മത്സരത്തിലുടനീളം ഒഡീഷയെക്കാൾ മികച്ച പ്രകടനം ഹൈദരാബാദ് തന്നെയാണ് നടത്തിയത്. പാസിംഗിലും ഷോട്ടുകളിലും പൊസഷനിലുമെല്ലാം ഹൈദരാബാദായിരുന്നു മുന്നിൽ. ഹൈദരാബാദിന്റെ മുന്നേറ്റങ്ങൾ തടയാൻ ഒഡീഷയ്ക്ക് പലപ്പോഴും പരുക്കൻ കളി പുറത്തെടുക്കേണ്ടി വന്നു. നാല് ഡിഫൻഡർമാരുൾപ്പെടെ അഞ്ച് ഒഡീഷ താരങ്ങളാണ് മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടത്.
ഹൈദരാബാദ് നിരയിൽ ഒരാളും മഞ്ഞക്കാർഡ് കണ്ടു. ഗോളി അർഷ് ദീപ് സിംഗിന്റെ സേവുകളില്ലായിരുന്നെങ്കിൽ ഒഡീൽയുടെ തോൽവിയുടെ ആഴം വർദ്ധിച്ചേനെ. തുടക്കം മുതൽ ഹൈദരാബാദ് ആക്രമണം തുടങ്ങി. ആദ്യ പതിനഞ്ച് മിനിട്ടിനിടെ നാലോളും ഗോൾ ശ്രമങ്ങളാണ് അവർ നടത്തിയത്.
35-ാം മിനിട്ടിലാണ് ഹൈദരാബാദിന്റെ വിജയത്തിലേക്ക് വഴിതെളിച്ച പെനാൽറ്റി വരുന്നത്. പ്ലേ മേക്കർ ഹാളിചരൺ നർസാരിയുടെ ഷോട്ട് ഒഡീഷ ക്യാപ്ടൻ സ്റ്രീവൻ ടെയ്ലറുടെ കൈയിൽ തട്ടിയതിനെത്തുടർന്ന് റഫറി ഹൈദരാബാദിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത അരിഡാനെ സാന്റാന പിഴവേതുമില്ലാതെ പന്ത് വലയ്ക്കകത്താക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇരുടീമും ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
അറുപതാം മിനിട്ടിൽ ഹൈദരാബാദിന്റെ ജാവോ വിക്ടറുടെ ഹെഡ്ഡർ ഒഡീഷ വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.
ഇന്നത്തെ പോരാട്ടം
ജംഷഡ്പൂർ എഫ്.സി
Vs
ചെന്നൈയിൻ എഫ്.സി
ടി.വി ലൈവ് : രാത്രി 7.30 മുതൽ