വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കുന്നത് ബി.ജെ.പിയുടെ മേയർ ആയിരിക്കുമെന്ന് നടനും പാർട്ടി അനുഭാവിയുമായ കൃഷ്ണകുമാർ. ബി.ജെ.പി പ്രവർത്തകരുടെ ആവേശവും പ്രചാരണ വേദികളിലെ സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ താൻ സംബന്ധിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.
വാഴോട്ട്കോണത്തെയും പേരൂർക്കടയിലെയും സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയിലാണ് താൻ ഇത്തവണ പങ്കെടുത്തതെന്നും ഇവർ വളരെ നല്ല സ്ഥാനാർഥികളാണെന്നും നടൻ തന്റെ കുറിപ്പിലൂടെ പറയുന്നുണ്ട്. തിരഞ്ഞടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൃഷ്‌ണകുമാർ തിരക്കിലാണെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.
പോസ്റ്റ് ചുവടെ:
'ഇന്നലെ ബി.ജെ.പി സ്ഥാനാർഥികളുടെ രണ്ടു വേദികളിൽ പങ്കെടുത്തു. വാഴോട്ട്കോണവും, പേരൂർക്കടയും. കുമാരി ദേവി കാർത്തികയും, ശ്രീമതി ലാലി ശ്രീകുമാറുമാണ് സ്ഥാനാർത്ഥികൾ. വളരെ നല്ല സ്ഥാനാർത്ഥികൾ. പ്രവർത്തകരുടെ ആവേശവും സദസ്സിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി തിരുവനന്തപുരത്ത് വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബി.ജെ.പി യുടെ മേയർ ആയിരിമെന്നതാണ്. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും.'