ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷവും മരണം 1.34 ലക്ഷവും പിന്നിട്ടു. നിലവിൽ ചികിത്സയിലുള്ളത് 4,43,486 പേരാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ 4.85 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,024 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലാണ് ഉയർന്ന പ്രതിദിന രോഗികൾ.
ഡൽഹിയിൽ നിന്ന് വരുന്ന യാത്രക്കാരെ പരിശോധിക്കുന്നത് പരിഗണിക്കുമെന്ന് യു.പി സർക്കാർ.
ഡൽഹിയിലേക്കും തിരിച്ചുമുള്ള റോഡ്, റെയിൽ, വ്യോമഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ എട്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. കേസുകളുയരുന്നതിനാൽ ഗുജറാത്തിലേക്കും നിയന്ത്രണമേർപ്പെടുത്തും.
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒഡിഷ ഗവർണർ ഗണേഷി ലാലിന്റെ ഭാര്യ സുശീലാ ദേവി (74) മരിച്ചു.
രാജസ്ഥാൻ ആരോഗ്യ
മന്ത്രിക്ക് കൊവിഡ്
രാജസ്ഥാൻ ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.രഘുശർമ്മയ്ക്ക് കൊവിഡ്. തന്റെ മണ്ഡലമായ കേക്രിയിൽ കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ സജീവമായി പങ്കെടുത്തിരുന്നു. രാജസ്ഥാനിൽ കൊവിഡ് കേസുകളുയരുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കൂടുന്ന പശ്ചാത്തലത്തിൽ രാജസ്ഥാനിലെ എട്ടുജില്ലകളിൽ രാത്രി എട്ടുമുതൽ രാവിലെ ആറുവരെ രാത്രി കർഫ്യൂ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.