ap-abdhullakkutty

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ചുകൊണ്ട് വേണം ഇടത് പക്ഷത്തിനെതിരെ വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. മലപ്പുറം വണ്ടൂരില്‍ നടന്ന എൻ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്‌ദുള്ളക്കുട്ടി. ശബരിമല യുവതീ പ്രവേശന വിഷയം ഓർമിപ്പിച്ചുകൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം.

'എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തൻമാരോട് അവർ പെരുമാറിയത്. എനിക്ക് പറയാൻ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തിൽ ചെന്ന് വോട്ടിംഗ് മെഷീനിന്റെ മുമ്പിൽ നിന്ന് ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ടചങ്കിൽ തന്നെ കുത്തുന്ന തിരഞ്ഞെടുപ്പ് ആക്കി മാറ്റുക"-ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ പറഞ്ഞു.

ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണെന്ന തരത്തിൽ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും നടത്തുന്ന നുണ പ്രചാരണങ്ങളുടെ കാലം അവസാനിച്ചുവെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. കേരളത്തിൽ മിക്കയിടങ്ങളിലും താമര ചിഹ്നത്തില്‍ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം ഇതിന്റെ തെളിവാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട അറുപതോളം പേർ ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.