ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. വാരണാസിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക.
സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി വാരണസിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ തേജ് ബഹാദൂര്‍ നൽകിയ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. കമ്മീഷന്റെ നടപടി ചിലരുടെ സമ്മര്‍ദ്ദം മൂലമാണെന്നും ബോധപൂര്‍വ്വം തന്‍റെ പത്രിക തള്ളിയതാണെന്നും കാണിച്ചാണ് തേജ് ബഹാദൂര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
അതേസമയം ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദുർ പറയുന്നു.തേജ് ബഹാദുറിന്റെ പത്രിക തള്ളിയതോടെ ലോകസഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്തി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മഹാ സഖ്യത്തിന് സ്ഥാനാർത്ഥി ഇല്ലാതാകുകയായിരുന്നു.