തിരുവനന്തപുരം: ബാർ കോഴ കേസിൽ ആരോപണവിധേയരായ രമേശ് ചെന്നിത്തല, കെ ബാബു എന്നിവർക്കെതിരെ അന്വേഷണ അനുമതി തേടി സംസ്ഥാന സർക്കാർ സ്‌പീക്കർക്കും ഗവർണർക്കും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇരുവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങാനാവുകയുളളൂ. നേരത്തെ അന്വേഷണം നടത്തിയ കേസാണെന്നും വീണ്ടും അന്വേഷണം ആവശ്യമില്ലെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.
ബാർ ലൈസൻസ് ഫീസ് കുറയ്‌ക്കാൻ ഒരു കോടി രൂപ കെ പി സി സി ആസ്ഥാനത്ത് വച്ച് ചെന്നിത്തലയ്ക്ക് കൈമാറിയെന്നാണ് ബിജു രമേശിന്റെ ആരോപണം. പണം കൊടുക്കുമ്പോൾ രമേശ് ചെന്നിത്തല എം എൽ എ മാത്രമായിരുന്നതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ദ്ധർ പറയുന്നത്.
അതേസമയം, ബാർ കോഴയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ വാദം തെറ്റാണെന്ന് കാണിക്കുന്ന രേഖകൾ പുറത്തായി. ബാർ കോഴയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നായിരുന്നു ചെന്നിത്തലയുടെ വാദം. എന്നാൽ ചെന്നിത്തലക്കെതിരെ ബാർ കോഴ കേസിൽ അന്വേഷണം നടന്നിട്ടില്ലെന്നാണ് രേഖകൾ പറയുന്നത്.