അടൂർ: അടൂർ ഡിപ്പോയിൽ നിന്ന് ഇന്നലെ രാവിലെ ആയൂരിന് അയച്ച ഓർഡിനറി ബസ് ഓടിയത് മുന്നിലത്തെ രണ്ട് ടയറുകളിലും വെറുതേ ഘടിപ്പിച്ച രണ്ട് വീൽനട്ടുകളുടെ പിൻബലത്തിൽ . യാത്രക്കാരുമായി കൊട്ടാരക്കര ഡിപ്പോയിൽ എത്തിയപ്പോൾ എല്ലാ നട്ടുകളും ഇല്ലെന്ന വിവരം യാത്രക്കാർ കണ്ടെത്തിയതോടെ വൻ ദുരന്തം ഒഴിവായി. ഇതിനെ തുടർന്ന് ട്രിപ്പ് ക്യാൻസൽ ചെയ്ത് ബസ് കൊട്ടാരക്കര ഡിപ്പോയിലെ വർക് ഷോപ്പിലേക്ക് മാറ്റി. വെഹിക്കിൾ സൂപ്പർ വൈസർ ഉൾപ്പെടെയുള്ളവരുടെ ജാഗ്രതയില്ലായ്മ കാരണമാണ് ബസ് യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ റൂട്ടിൽ അയച്ചത്.
ഉപയോഗിക്കാതെ കിടന്ന ബസിന്റെ രണ്ട് ടയറുകളും ഡമ്മിയായി മുൻ ഭാഗത്ത് താൽക്കാലികമായി സ്ഥാപിച്ചിരുന്നതാണ്. പെട്ടന്ന് ടയർ ഊരിമാറ്റുന്നതിനായാണ് രണ്ട് ടയറുകളിലും 2 വീതം നട്ട് ഇട്ട് പേരിൽ മുറുക്കിയത്. സർവ്വീസ് പോകുന്ന ബസിന്റെ ടയർ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ പരിശോധിക്കാൻ ഡ്രൈവർക്കും ബാഗ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ ഉണ്ടായ തികഞ്ഞ അനാസ്ഥ കാരണമാണ് 20 കിലോമീറ്റർ ദൂരം 2 നട്ടുകളുടെ വീതം ബലത്തിൽ ഓടിയത്. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.