കൽപറ്റ: പപ്പിമോൾക്ക് ലോട്ടറിയടിച്ചു. അയ്യായിരം രൂപ. പക്ഷെ ലോട്ടറി കിട്ടിയ ഭാവമൊന്നുമില്ല പപ്പിമോൾക്ക്.
ജീവകാരുണ്യ പ്രവർത്തകൻ ഉത്തോന്തിൽ കൃഷ്ണൻകുട്ടി വളർത്തുന്ന പട്ടിയാണ് പപ്പിമോൾ. പൂക്കോട് വെറ്ററിനറി കാമ്പസിനു സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിക്ക് തെരുവിൽനിന്നു കിട്ടിയതായിരുന്നു പട്ടിക്കുട്ടിയെ. അഞ്ചര വയസുള്ള പപ്പിമോളുടെ പേരിൽ കോഴിക്കോടുനിന്നു വാങ്ങിയ നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റാണ് സമ്മാനാർഹമായത്. സമ്മാനത്തുക തെരുവുപട്ടികളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണത്തിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിന് വിനിയോഗിക്കാനാണ് തീരുമാനം.
2014ൽ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലം കയറി കൃഷ്ണൻകുട്ടിയുടെ കൈകളിലെത്തിയതാണ് പപ്പിമോൾ. ചത്തെന്നുകരുതി കുഴികുത്തി മറവുചെയ്യാൻ തുടങ്ങുമ്പോഴാണ് അതുവഴിയെത്തിയ കൃഷ്ണൻകുട്ടി പട്ടിക്കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടത്. ഉടൻ അതിനെയുമെടുത്ത് അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലേക്കു പാഞ്ഞു. ഡോക്ടർമാരുടെ ദിവസങ്ങൾ നീണ്ട പരിചരണത്തിനൊടുവിൽ ജീവിതത്തിലേക്കു തിരിച്ചെത്തിയ പട്ടിക്കുട്ടിയെ കൃഷ്ണൻകുട്ടി പപ്പിമോൾ എന്നു പേരിട്ടു വളർത്തുകയായിരുന്നു. ആറു മാസത്തോളം ഫിസിയോ തെറാപ്പിയടക്കം നൽകിയാണ് പട്ടിക്കുട്ടിയെ സാധാരണനിലയിലാക്കിയത്. പിന്നീട് അയൽവാസിയുടെ തോട്ടത്തിലെ താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണപ്പോഴും പപ്പിമോൾക്കു കൃഷ്ണൻകുട്ടി രക്ഷകനായി.
ദീർഘകാലമായി ജൂൺ റൊസാരിയോ എന്ന വനിതയുമായി സഹകരിച്ച് തെരുവുപട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചുവരികയാണ് എഴുപത്തിനാലുകാരനായ കൃഷ്ണൻകുട്ടി. തെരുവുപട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടെ ഷെൽട്ടർ തുടങ്ങണമെന്നത് അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമാണ്. തെരുവുപട്ടികളുടെ സംരക്ഷണത്തിൽ എർപ്പെടുന്നവരുടെ പങ്കാളിത്തത്തോടെ ട്രസ്റ്റ് രൂപീകരിച്ച് ധനസമാഹരണം നടത്തി ഷെൽറ്റർ നിർമിക്കാനാണ് കൃഷ്ൺകുട്ടിയുടെ പദ്ധതി.