amit-shah

കൊൽക്കത്ത : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണം പിടിക്കുന്നതിനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബി ജെ പി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് സംസ്ഥാനത്തെ പാർട്ടിയുടെ ചുക്കാൻ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തിയ അദ്ദേഹം ആദിവാസി ദളിത് കുടുംബങ്ങളുടെ പിന്തുണ തേടി ദളിത് കുടുംബത്തിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച വാർത്ത ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഇതിനെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത് ബാനർജി.

ദളിത് കുടുംബത്തിൽ അവരോടൊപ്പം അമിത് ഷാ ആഹാരം കഴിച്ചുവെങ്കിലും അത് പാചകം ചെയ്തത് വീടിനു പുറത്ത് വച്ച് ബ്രാഹ്മണരാണെന്ന് മമത ആരോപിക്കുന്നു. ദളിത് കുടുംബത്തിലെ സ്ത്രീകൾ അമിത് ഷായ്ക്ക് ആഹാരം ഒരുക്കുന്നതിനായി കാബേജും, മല്ലിയിലയുമെല്ലാം അരിയുന്ന ഫോട്ടോകൾ പുറത്തു വന്നിരുന്നു, എന്നാൽ അമിത് ഷാ കഴിക്കുന്ന പാത്രത്തിൽ ഇതു കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ബസുമതി അരിയും, പോസ്റ്റ ബോറയുമായിരുന്നു ഉണ്ടായിരുന്നത്. ഇത് കൂടാതെ അമിത് ഷാ സന്ദർശിച്ച വീട്ടിൽ അസുഖ ബാധിതനായ ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ലെന്നും മമത ആരോപിക്കുന്നു.

ഗോത്ര സ്വാതന്ത്ര്യസമര സേനാനി ബിർസ മുണ്ടെ ആണെന്ന് കരുതി വേറെ ആരുടേയോ പ്രതിമയ്ക്കാണ് അമിത്ഷാ ഹാരാർപ്പണം നടത്തിയതെന്നും മമത പരിഹസിച്ചു. ആദിവാസികൾ കൂട്ടമായി വസിക്കുന്ന ബാനുര ജില്ലയിലെ ഖത്ര പ്രദേശത്ത് സംസാരിക്കവെ മമത ബാനർജി അമിത്ഷായ്‌ക്കെതിരെ ആഞ്ഞടിച്ചത്. തന്റെ സർക്കാർ അടുത്ത തവണ മുതൽ ബിർസ മുണ്ടയുടെ വാർഷികത്തിൽ അവധി നൽകുമെന്നും സംസ്ഥാനത്തിന്റെ അവധി ദിന പട്ടികയിൽ ഇടം നൽകുമെന്നും പറഞ്ഞു.