rehna-fathima

കൊച്ചി: രഹ്ന ഫാത്തിമയ്‌ക്ക് മാദ്ധ്യമങ്ങളിലൂടെയുളള അഭിപ്രായ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്‌ബുക് പോസ്റ്റിട്ടതിന് പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാദ്ധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതാണ് കോടതി വിലക്കിയിരിക്കുന്നത്.

രണ്ട് കേസിൽ അറസ്റ്റിലായതും ജോലി നഷ്‌ടപ്പെട്ടതും രഹ്നയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇനിയെങ്കിലും മറ്റുളളവരുടെ അവകാശങ്ങളെ മാനിക്കുമെന്ന് കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുളളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്ന് തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി.

നിശ്ചിത ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയാണ് രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും.

കുക്കറി ഷോയിൽ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാൽ ജാമ്യം റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. ജാമ്യം റദ്ദാക്കാനുളള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നൽകുകയാണെന്ന് പറഞ്ഞാണ് മാദ്ധ്യമങ്ങളിലൂടെയുളള അഭിപ്രായ പ്രകടനം വിലക്കിയത്.