കൊൽക്കത്ത: പ്രണയവും 'ജിഹാദും' ഒന്നിച്ചുപോകില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാൻ. തിരഞ്ഞെടുപ്പിന് മുൻപ് മാത്രമാണ് ആളുകൾ ഇത്തരം വിഷയങ്ങളുമായി രംഗത്തുവരുന്നതെന്നും, മതത്തെ രാഷ്ട്രീയ ആയുധമാക്കരുതെന്നും അവർ പറഞ്ഞു. അടുത്തവർഷമാണ് ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
'ലവ് എന്നത് വ്യക്തിപരമായ കാര്യമാണ്. എന്നാൽ പ്രണയവും ജിഹാദും ഒരുമിച്ച് പോകില്ല. ആരെ സ്‌നേഹിക്കണമെന്നത് ആ വ്യക്തിയുടെ തീരുമാനമാണ്. പ്രണയിച്ചു കൊണ്ടേയിരിക്കൂ.'-നുസ്രത്ത് പറഞ്ഞു. ലവ് ജിഹാദുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് എംപിയുടെ പ്രതികരണം. ലവ് ജിഹാദ് തടയുന്നതിനായി നിയമം കൊണ്ടുവരുമെന്ന് നേരത്തെ ചില സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു.