love-jihad

ലക്നൗ : ഇനിയും കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത ലവ് ജിഹാദിനെ കുറിച്ചുള്ള വാദങ്ങളാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉയരുന്നത്. ഇത് സംബന്ധിച്ചുള്ള നിർണായക നീക്കത്തിലേക്ക് യു പിയും കടക്കുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ചേരുന്ന യോഗി സർക്കാരിന്റെ മന്ത്രിസഭ മതപരിവർത്തനത്തിന് ലവ് ജിഹാദ് മറയാക്കുന്നത് തടയുന്നതിനായുള്ള ഓർഡിനൻസ് കൊണ്ട് വന്നേക്കും. വിധി വിരുദ്ധ് ധർമ്മന്തരൻ 2020 എന്ന പേരിലാണ് ഓർഡിനൻസ്. ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 5 വർഷം മുതൽ 10 വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കുന്നതാണ് ഓർഡിനൻസ്.

ലവ് ജിഹാദ് തടയുന്നതിനായുള്ള നിയമത്തിന്റെ കരട് കഴിഞ്ഞ വർഷം നവംബറിൽ ഉത്തർപ്രദേശ് നിയമ കമ്മീഷൻ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിലുള്ളതിനേക്കാൾ കൂടുതൽ വകുപ്പുകളും കാര്യങ്ങളും ഉൾപ്പെടുത്തി പുതിയ നിയമമുണ്ടാക്കാൻ യോഗി സർക്കാർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ആളുകളെ മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ നിന്ന് തടയുകയാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ രാജ്യമെമ്പാടും ഏറെ ചർച്ചയായ ലവ് ജിഹാദ് എന്ന വാക്ക് ഓർഡിനൻസിൽ ഉപയോഗിച്ചേക്കില്ല.

ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനെ മാത്രം ഉദ്ദേശിച്ചല്ല ഈ നിയമമെന്നും എല്ലാ മതക്കാർക്കും ഇത് ബാധകമായിരിക്കുമെന്നും യുപി നിയമ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വാധീനം, ബലാൽക്കാരം, വഞ്ചന, ദൃശ്യങ്ങൾ കാട്ടിയുള്ള ബ്ളാക്ക് മെയിലിംഗ് എന്നിവയിലൂടെയുള്ള മത പരിവർത്തനം തടയുന്നതിനാണ് നിയമം വരുന്നത്. അത്തരം മതപരിവർത്തനം നടത്തുന്നയാൾ ശിക്ഷിക്കപ്പെടും.