pak-tunnel

ന്യൂഡൽഹി : ആധുനിക കാലത്ത് വ്യത്യസ്ത തരം ആയുധങ്ങൾ നിർമ്മിച്ചും, പരീക്ഷണങ്ങൾ നടത്തിയും രാജ്യങ്ങൾ മുന്നേറുമ്പോൾ ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാൻ ഇപ്പോഴും പഴഞ്ചൻ മാർഗമാണ് ശത്രുവിനെതിരെ പ്രയോഗിക്കുന്നത്. തീവ്രവാദികളെ ഇന്ത്യയിലേക്ക് കയറ്റി അയക്കുവാനും, കാശ്മീരിൽ അശാന്തി പടർത്താൻ ആയുധങ്ങൾ സപ്‌ളൈ ചെയ്യുന്നതിനും അതിർത്തിക്കടിയിലൂടെ തുരങ്കം നിർമ്മിക്കുകയാണ് ഏറെ നാളായി പാകിസ്ഥാൻ. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ജമ്മുവിന്റെ സാംബാ സെക്ടറിൽ നീളമേറിയ രണ്ട് തുരങ്കങ്ങളാണ് കണ്ടെത്തിയത്. ആദ്യത്തേത് 200 മീറ്റർ നീളവും മൂന്നടി വീതിയുള്ള തുരങ്കം കഴിഞ്ഞ ആഴ്ചയാണ് ബി എസ് എഫ് കണ്ടെത്തിയത്. ജമ്മുവിനടുത്തുള്ള നാഗ്രോട്ടയിൽ കൊല്ലപ്പെട്ട നാല് തീവ്രവാദികൾ ഇതിലൂടെയാണ് രാജ്യത്തേയ്ക്ക് നുഴഞ്ഞ് കയറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.


എന്ത് കൊണ്ട് തുരങ്കം

അതിർത്തിയിൽ അത്യാധുനിക ആയുധങ്ങളോടെ സൈന്യവും ബി എസ് എഫും നിരീക്ഷണം കടുപ്പിച്ചതോടെയാണ് പഴഞ്ചൻ മാർഗങ്ങളിലേക്ക് പാക് സൈന്യം തിരിയുന്നത്. സ്നിപ്പർ റൈഫിളുകളും, രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും അതിർത്തിയിലുടനീളം വിന്യസിച്ചപ്പോൾ നുഴഞ്ഞുകയറുന്നവർ ജീവനോടെ പാതിവഴിയിൽ തിരിച്ചുപോകാൻ പോലും ആവാത്ത അവസ്ഥയാണുണ്ടായത്. ഇതാണ് തുരങ്ക പാതയെ ആശ്രയിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്. അടുത്ത കാലത്ത് ഡ്രോൺ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ മണ്ണിലേക്ക് ആയുധങ്ങൾ എത്തിക്കാൻ പാക് സൈന്യം ശ്രമിച്ചത്. എന്നാൽ നിരവധി തവണ ഈ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഡ്രോണുകൾ കണ്ടെത്തുന്ന സംവിധാനങ്ങൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുകയും ചെയ്തു. ഇതും തുരങ്കം പണിയുവാൻ പാകിസ്ഥാനെ പ്രേരിപ്പിക്കും.

പാകിസ്ഥാന് പുല്ലും ആയുധം
തുരങ്കം പണിയുന്ന ശ്രമങ്ങൾ രാത്രികാലത്താണ് നടക്കുക. അതിർത്തിയിൽ അതീവ ജാഗ്രയയോടെ നിരീക്ഷണമുറപ്പിച്ച ഇന്ത്യൻ സൈനികരുടെ കണ്ണു വെട്ടിക്കാൻ കുറ്റിക്കാടുകളും, ഉയരത്തിൽ വളരുന്ന പുല്ലുനിറഞ്ഞ പ്രദേശത്ത് നിന്നുമാണ് തുരങ്കങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ അനുസരിച്ച് അതിർത്തിയോട് ചേർന്ന ഇടങ്ങളിൽ പുല്ലു വെട്ടിമാറ്റേണ്ടതാണെങ്കിലും പാകിസ്ഥാൻ അത് പാലിക്കാറില്ല. തീവ്രവാദികളെയും മയക്കുമരുന്ന് കള്ളക്കടത്തുകാരെയും ഇന്ത്യയിലേക്ക് കടത്തിവിടാൻ പാകിസ്ഥാൻ ഈ പുല്ല് ഉപയോഗിക്കുന്നു.

തുരങ്കനിർമ്മാണം കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ അതിർത്തി മേഖലയിൽ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യ ഇപ്പോൾ. പഴഞ്ചനെന്ന് കരുതി തുരങ്കനിർമ്മാണത്തെ നിസാരമായി കണക്കാക്കാൻ കഴിയുകയില്ല. ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജി എന്നിവയുടെ സഹകരണത്തോടെ ഇതിന് ഒരു പോംവഴി കണ്ടെത്താൻ ശ്രമിക്കുകയാണ് സൈന്യം ഇപ്പോൾ. സാങ്കേതികമായി പുരോഗമിച്ച ഇസ്രായേൽ, യുഎസ് എന്നീ രാജ്യങ്ങൾക്ക് പോലും ഗാസ മുനമ്പിലും മെക്സിക്കൻ അതിർത്തിയിലും അയൽ രാജ്യത്ത് നിന്നുള്ള തുരങ്ക നിർമ്മാണം തലവേദനയാണ്.