anwar-pasha

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ഒവൈസിക്ക് തിരിച്ചടി നൽകി പ്രമുഖ നേതാവും പ്രവർത്തകരും പാർട്ടിവിട്ടു. ഓൾ ഇന്ത്യ ഇത്തിഹാദുൽ മുസ്ലീമിന്റെ (എ ഐ എം ഐ എം) പശ്ചിമബംഗാൾ കൺവീനർ അൻവർ പാഷയും അനുയായികളുമാണ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അസദുദ്ദീൻ ഒ വൈ സിയുടെ പാർട്ടി ബി ജെ പിയെ സഹായിക്കാൻ വോട്ടുകൾ ഭിന്നിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അൻവർ പാഷ തൃണമൂലിൽ ചേർന്നത്.

തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ സി എ എ, എൻ ആർ സി വിഷയങ്ങളിൽ മമത നടത്തിയ പോരാട്ടത്തെ അൻവർ പാഷ പ്രകീർത്തിച്ചു. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ വലിച്ചുകീറിയതിലൂടെ ഒന്നും നേടാനാവില്ലെന്നും മമത ബാനർജി ചെയ്‌തതു പോലെ തെരുവിലിറങ്ങേണ്ടതുണ്ടെന്നും പാഷ ഒവൈസിയെ ഉന്നമിട്ടുകൊണ്ട് പറഞ്ഞു.

അതേസമയം, അൻവർ പാഷയുടെ പുറത്തുപോകൽ പാർട്ടിയെ ബാധിക്കില്ലെന്ന് എ ഐ എം ഐ എം വക്താവ് സയിദ് അസിം വഖാർ പറഞ്ഞു. അദ്ദേഹം പാർട്ടിയിലെ ചെറിയൊരു മുഖമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പാഷയെ പുറത്താക്കാനിരുന്നതാണെന്നും വക്താവ് പറഞ്ഞു.

അടുത്തവർഷം നടക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എ ഐ എം ഐ എം തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പാർട്ടി കൺവീനർ കൂറുമാറിയത്. ബിഹാർ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താനായതിന് പിന്നാലെ എ ഐ എം ഐ എം ബംഗാൾ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.