swapna

തിരുവനന്തപുരം: ശബ്‌ദരേഖ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി ജയിൽ വകുപ്പ്. എൻ.ഐ.എ കോടതിയുടെയും കസ്‌റ്റംസിന്റെയും അനുമതിയാണ് തേടിയിരിക്കുന്നത്. കൊഫേപോസ പ്രതിയായതിനാലാണ് എൻ.ഐ.എ കോടതിയുടെയും കസ്‌റ്റംസിന്റെയും അനുമതി തേടുന്നത്. സ്വപ്‌നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് ജയിൽവകുപ്പ് അനുമതി തേടിയത്.

ജയിലിൽ കഴിയുന്ന സ്വപ്‌നയുടെ ശബ്‌ദരേഖ ചോർന്ന സംഭവം അന്വേഷിച്ച് നിജസ്ഥിതി അറിയിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ജയിൽ വകുപ്പിന് കത്ത് നൽകിയിരുന്നു. ഈ കത്ത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് കൈമാറി. എൻഫോഴ്‌സ്മെ‌ന്റിന് മറുപടി നൽകണമെങ്കിൽ അന്വേഷണം വേണമെന്ന് ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ശബ്ദം തന്റേതാണെന്ന് സ്വപ്‌ന തിരിച്ചറിയുകയും ചെയ്‌തിരുന്നു.