ശ്രീനഗർ: ഇരുപതുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും സഹോദരങ്ങളും അറസ്റ്റിൽ. ജമ്മു കാശ്മീരിലെ കത്വയിലാണ് സംഭവം. ഭർത്താവിന്റെ വീട്ടിൽവച്ച് പത്ത് ദിവസം മുമ്പ് മകൾ കൊല്ലപ്പെട്ടുവെന്ന് കാണിച്ച് കുടംബാംഗങ്ങൾ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറം ലോകമറിഞ്ഞത്.
കുടുംബത്തിന്റെ പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് യുവതിയുടെ മൃതദേഹം കത്വവയിലെ ശ്മശാനത്തിൽ നിന്ന് പുറത്തെടുക്കുകയും, പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഇരുപതുകാരിയെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഭർത്താവിനും രണ്ട് സഹോദരങ്ങൾക്കും എതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
രണ്ട് വർഷം മുമ്പാണ് തന്റെ സഹോദരി (ഭാര്യയുടെ സഹോദരി) ഷാനു കത്വവ ഗ്രാമത്തിലെ മുഹമ്മദ് സഫീക്കിനെ വിവാഹം കഴിച്ചതെന്ന് ലുധിയാനയിലെ ജാഗ്രാവിൽ നിന്നുള്ള ഖാദർ ഹുസൈൻ പറഞ്ഞു. ഇരുപത് ദിവസം മുമ്പ് യുവതി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചിരുന്നു.പ്രസവിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആരോഗ്യനില മോശമായിരുന്നിട്ടും വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിൻറെ വീട്ടുകാർ നിർബന്ധിക്കുന്നുവെന്ന് അവൾ വിളിച്ച് പരാതി പറഞ്ഞിരുന്നുവെന്നും ഖാദർ ആരോപിക്കുന്നു.
'നവംബർ പത്തിന് സഫീക്കിന്റെ സഹോദരൻ ഫാറൂഖ് വിളിച്ച് അസുഖം ബാധിച്ച് ഷാനു മരിച്ചുവെന്ന് പറഞ്ഞു. മൃതദേഹം അവർ ശ്മശാനത്തിൽ കൊണ്ടുപോയി സംസ്‌കരിക്കുകയും ചെയ്തു. സംശയം തോന്നി പരാതി നൽകുകയായിരുന്നു.'- ഖാദർ പറഞ്ഞു.