bineesh-kodiyeri-

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അരഡസനോളം കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് പിടിമുറുക്കിയത്. ഇതിനിടയിൽ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഇ ഡി കർണാടക യൂണിറ്റും അന്വേഷണവുമായെത്തി. ഇതോടെ സംസ്ഥാനത്ത് അന്വേഷണം നടത്തുന്നവരിൽ പ്രാധാന്യം ഇഡിയിലേക്ക് ചാർത്തപ്പെടുകയായിരുന്നു. സർക്കാരും പാർട്ടിയും ഒരു പോലെ ഇഡിക്കെതിരെ വാളോങ്ങി പരസ്യ സമരത്തിലേക്ക് കടക്കുന്ന വേളയിലാണ് 'കണ്ടുകെട്ടൽ'എന്ന ആയുധം ബിനീഷ് കോടിയേരിക്ക് നേരെ ഇഡി പ്രയോഗിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചിരിക്കുകയാണ്. ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടും. ഇവരുടെ പേരിലുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്ന് രജിസ്‌ട്രേഷൻ ഐ.ജിക്ക് കഴിഞ്ഞ 9ന് ബംഗളൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ കത്തു നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ ആക്ട്) സെക്ഷൻ 54 പ്രകാരമാണ് നടപടി.

കണ്ടുകെട്ടൽ തുടങ്ങിയാൽ
കള്ളപ്പണക്കേസിൽ ഇഡി കണ്ടുകെട്ടൽ നടപടികളിലേക്ക് തിരിഞ്ഞാൽ അത് മാസങ്ങളോളം ചിലപ്പോൾ വർഷങ്ങൾ നീളുന്ന ഒരു നടപടിയാവും. ആദ്യ ഘട്ടത്തിൽ പ്രതിയുടേയും നേരിട്ട് ബന്ധമുള്ളവരുടേയും സ്വത്തുവകകൾ താത്കാലികമായി കണ്ടുകെട്ടും. തുടർന്ന് കോടതിയിൽ കേസ് നീളുന്നത് അനുസരിച്ച് കണ്ടുകെട്ടൽ നടപടികളും നീളും. കേസിലെ കോടതിവിധിയോടെയാണ് സ്വത്ത് സർക്കാരിലേക്ക് പൂർണമായി കണ്ടുകെട്ടുക.

കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ആദ്യ ഘട്ടത്തിൽ പ്രതി പ്രത്യക്ഷത്തിൽ സമ്പാദിച്ച സ്വത്തുക്കളാവും കണ്ടെത്തുക. ഇതിനായി രജിസ്‌ട്രേഷൻ വകുപ്പിനെയാണ് സമീപിക്കുക. ബിനീഷിന്റെ കാര്യത്തിൽ ഈ ഘട്ടത്തിലാണ് ഇ ഡി ഇപ്പോൾ. ഇനി പ്രതി സമ്പാദിച്ച തുക വിദേശത്തേക്ക് കടത്തി എന്ന് കണ്ടെത്തിയാൽ അതിന് തുല്യമായ തുകയുടെ സ്വത്ത് രാജ്യത്തിനകത്ത് നിന്നും കണ്ടുകെട്ടാനും ഇഡിക്ക് കഴിയും. ഇതിനായി പ്രതിയുടെ ഭാര്യയുൾപ്പടെയുള്ള ബന്ധുക്കളുടെ വരുമാനത്തിലെ വർദ്ധനവും പരിശോധിക്കും, വളർച്ച അസ്വാഭാവികമാണെന്ന് കണ്ടാൽ പ്രതി സമ്പാദിച്ച സ്വത്ത് ബന്ധുക്കളുടെ പേരിലാണെന്ന് സംശയം തോന്നിയാൽ അതും കണ്ടുകെട്ടും. അതിനാൽ തന്നെ കണ്ടുകെട്ടൽ നടപടികളിലേക്ക് ഇഡി നീങ്ങിയാൽ പ്രതിയുടെ ബന്ധുക്കൾക്കും കഷ്ടകാലമായിരിക്കും. ഇനി കള്ളപ്പണമുപയോഗിച്ചു വാങ്ങിച്ചവയല്ല കണ്ടുകെട്ടാൻ ഉത്തരവിട്ടിരിക്കുന്നതെന്നു സ്ഥാപിച്ചെടക്കേണ്ട ബാധ്യത സ്വത്തിന്റെ ഉടമസ്ഥനാണ്. ഇതിനായി വരുമാനത്തിന്റെ സ്രോതസ്സ് നൽകേണ്ടി വരും.


ബിനീഷിന്റെ സ്വത്ത് വിവരം

ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടും. ഇവരുടെ പേരിലുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്ന് രജിസ്‌ട്രേഷൻ ഐ.ജിക്ക് കഴിഞ്ഞ 9ന് ബംഗളൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ കത്തു നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ ആക്ട്) സെക്ഷൻ 54 പ്രകാരമാണ് നടപടി.

ബിനീഷിന്റെ ബിനാമി കമ്പനികളെന്ന് സംശയിക്കുന്ന സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ്, ബംഗളൂരു ദൂരവാണി നഗറിലെ ബി കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസ്, ബംഗളൂരു ഇവാ മാളിൽ പ്രവർത്തിക്കുന്ന ബീ കാപ്പിറ്റൽ ഫോറക്സ് ട്രേഡിംഗ് പ്രൈവറ്റ് ലിമറ്റഡ് എന്നിവയുടെയും സ്വത്തുവകകൾ കണ്ടുകെട്ടും. ബീനീഷിന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മയക്കുമരുന്ന് കേസിലെ പ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപ്, ഭാര്യ ആരിഫാ ബീവി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് കഴിഞ്ഞമാസം രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബംഗളൂരു ഇ.ഡി മേഖലാ ഓഫീസിന്റെ നടപടി.

അറസ്റ്റ് തീയതിക്ക് ആറു വർഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇ.ഡിക്ക് അധികാരമുണ്ട്. ബിനീഷ് കോടിയേരി അറസ്റ്റിലാവുന്നത് 2020 ഒക്ടോബർ 29നാണ്. ഇതനുസരിച്ച് ബിനീഷ് 2014 ഒക്ടോബർ 29നുശേഷം വാങ്ങിയ സ്വത്തുവകകൾ ഇ.ഡിക്ക് കണ്ടുകെട്ടാം. മരുതംകുഴിയിലെ കോടിയേരി എന്ന വീട് 2014 നവംബർ 11നാണ് ബിനീഷ് വാങ്ങിയത്. രജിസ്‌ട്രേഷനിൽ 50 ലക്ഷം രൂപയാണ് കാട്ടിയിട്ടുള്ളത്. ഏറെക്കാലം കോടിയേരി ബാലകൃഷ്ണൻ താമസിച്ചത് മരുതംകുഴിയിലെ കോടിയേരി എന്ന ഈ വീട്ടിലാണ്. സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം പ്രതികളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാം.

മയക്കുമരുന്ന് പ്രതി അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്നു ബാങ്ക് വായ്പയെടുത്തതാണെന്നാണ് ബിനീഷിന്റെ മൊഴി. അബ്ദുൽ ലത്തീഫുമായി ചേർന്ന് ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും പറഞ്ഞിരുന്നു. അക്കൗണ്ടുകളിൽ പണമെത്തിയ സമയം നോക്കുമ്പോൾ ഈ വാദത്തിൽ സംശയമുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ബിനീഷിന്റെ ഉറ്റബന്ധു 50ലക്ഷം രൂപയുടെ ഇടപാടിൽ സംശയനിഴലിലുമാണ്.