ഇവിടെ ഒരാൾ മരിച്ചവർക്കായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ അയാൾക്ക് മരണമില്ല. അയാളുടെ നീതിക്കും കാരുണ്യത്തിനും മരണമില്ല. ഉരുകുന്ന മണൽപരപ്പിൽ ഒരു മഴ പോലെ അയാൾ - അഷ്റഫ്
- ടി.എ. റസാഖ് എഴുതിയത്
അതിമാനുഷികത ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു മനുഷ്യൻ. ബിരുദങ്ങളുടെയോ ബിരുദാനന്തര ബിരുദങ്ങളുടെയോ അലങ്കാരങ്ങൾക്കപ്പുറം മനുഷ്യത്വം അലങ്കാരമാക്കിയ സാധാരണക്കാരൻ. ഗൾഫിൽ ഒരാൾ മരിച്ചാൽ ആദ്യം ഫോൺകോൾ വരുന്നത് യു.എ.ഇലെ അജ്മാനിലുള്ള ഇദ്ദേഹത്തിനാണ്. നിയമത്തിന്റെ നൂലാമാലകൾ നീക്കി മൃതദേഹം നാട്ടിലെത്തിയാൽ മാത്രമേ പിന്നെ അഷ്റഫിന് വിശ്രമമുള്ളൂ. വർഷങ്ങളോളം ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ കുടുംബത്തിന് വേണ്ടി മനസ് കല്ലാക്കി ജീവിച്ച ആ പ്രവാസികൾക്ക് ജന്മനാട്ടിൽ അന്ത്യവിശ്രമം ഒരുക്കാൻ എത്ര ഓഫീസുകൾ കയറിയിറങ്ങാനും ഈ താമരശേരിക്കാരന് മടിയില്ല. ജീവിച്ചിരിക്കുന്നവർക്കല്ല മരിച്ചവർക്കായാണ് താൻ പ്രവർത്തിക്കുന്നതെന്നാണ് അഷ്റഫ് പറയുന്നത്. ജീവിച്ചിരിക്കുന്നവർക്ക് സഹായമെത്തിക്കാൻ നിരവധി വഴികളുണ്ട്. മരിച്ച് നിസഹായരായി പോയവർക്ക് താങ്ങേകാൻ പക്ഷേ ആരുമുണ്ടായേക്കില്ല. ഇവിടെയാണ് അഷ്റഫിനെ നമ്മൾ അറിയേണ്ടത്. ഈ കൊവിഡ് കാലത്തും അദ്ദേഹം തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെയാണ്. കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവിടെത്തന്നെ അടക്കം ചെയ്യാനും മറ്റ് കാരണങ്ങളാൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും അക്ഷീണം പ്രയത്നിക്കുകയാണ് ഈ മനുഷ്യൻ.
20 വർഷം, 38 രാജ്യങ്ങൾ,
6400 മൃതദേഹങ്ങൾ
വർഷം 2000. കൂട്ടുകാരനെ കാണാൻ ഷാർജയിലുള്ള ആശുപത്രിയിൽ പോയതാണ് അഷ്റഫ്. ആശുപത്രിയിൽ നിന്നിറങ്ങുമ്പോഴാണ് രണ്ട് സഹോദരങ്ങൾ കരയുന്നത് ശ്രദ്ധയിൽപെട്ടത്. പിതാവ് മരണപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ നിസഹായരായി നിൽക്കുകയായിരുന്നു ആ സഹോദരങ്ങൾ. സഹായിക്കണമെന്നുണ്ട് പക്ഷെ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. യു.എ.ഇയിൽ എത്തിയിട്ട് ഒരു വർഷം ആയതേയുള്ളൂ. കൂടുതൽ പരിചയങ്ങളില്ല. എങ്കിലും അവർക്കൊപ്പം നിൽക്കാൻ തന്നെ തീരുമാനിച്ചു. അഞ്ച് ദിവസങ്ങൾക്കൊണ്ട് കൊല്ലം പുനലൂരിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. അതായിരുന്നു തുടക്കം. പിന്നെ സഹായമഭ്യർത്ഥിച്ച് ഫോണുകൾ വന്നുകൊണ്ടേയിരുന്നു. 20 വർഷത്തിനുള്ളിൽ 38 രാജ്യങ്ങളിലേക്കായി 6400 മൃതദേഹം അഷ്റഫിന്റെ കൈകൾ വഴി നാട്ടിലെത്തി. ഇതിൽ എല്ലാ മതക്കാരുമുണ്ട്. സാധാരണക്കാരനും വലിയ വ്യവസായികളുമുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവും ഏറ്റുവാങ്ങിയത് അഷ്റഫാണ്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതും മൃതദേഹം അഷ്റഫിന് കൈമാറിയെന്നാണ്. കൊവിഡ് ബാധിച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും മുൻനിരയിലുണ്ട് ഇദ്ദേഹം. ഒരാൾ മരിച്ചാൽ മൃതദേഹം വിട്ടുകിട്ടുന്നതിനായി 16 ഓഫീസുകൾ കയറിയിറങ്ങണം. ഇതിൽ 15 ഓഫീസും യു.എ.ഇ ഗവൺമെന്റിന്റെയാണ്. ഇവിടെയുള്ളവർക്കെല്ലാം അഷ്റഫ് സുപരിചിതനാണ്. ഏത് ഓഫീസിലെത്തിയാലും ക്യൂ പോലും നിൽക്കാതെ പേപ്പറുകൾ ശരിയാക്കി നൽകും. എംബാം സെന്ററുകൾ അവധിയുള്ള ദിവസങ്ങളിൽ വരെ അഷ്റഫിന്റെ അഭ്യർത്ഥനപ്രകാരം തുറന്ന് മൃതദേഹം എംബാം ചെയ്ത് നൽകിയ സന്ദർഭങ്ങളുണ്ട്. ആര് മരിച്ചാലും മൃതദേഹത്തിനോട് ആദരം കാണിക്കാൻ യു.എ.ഇ ഗവൺമെന്റ് ശ്രമിക്കാറുണ്ടെന്നാണ് അഷ്റഫ് പറയുന്നത്.
ഉള്ളുരുകുന്ന നിമിഷങ്ങൾ
നെഞ്ചിൽ വിങ്ങുന്ന നൊമ്പരത്തോടെയാണ് ഓരോ മൃതദേഹങ്ങളും യാത്രയാക്കുന്നത്. പലപ്പോഴും ഉള്ളുലച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൂട്ടിന് പോകാൻ ആളില്ലാത്ത മൃതദേഹങ്ങളെ അഷ്റഫ് അനുഗമിക്കാറുണ്ട്. ഒരിക്കൽ ഒറീസക്കാരാനായ ഒരാളുടെ മൃതദേഹവുമായി പോവുകയാണ്. മരിച്ചയാളുടെ ബന്ധുക്കളുമായും അവിടുത്തെ പൊലീസുമായും ബന്ധപ്പെട്ടാണ് പുറപ്പെട്ടത്. മൃതദേഹവുമായി എത്തിയിട്ടും ഏറ്റെടുക്കാൻ ആരും വന്നില്ല. ആരെയും ബന്ധപ്പെടാനും സാധിക്കുന്നില്ല. പൊലീസിന്റെ സഹായത്തോടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. തീരുമാനമാകാതെ തിരിച്ചുവരാനാകില്ലല്ലോ. മൂന്ന് ദിവസം അവിടുത്തെ ജയിലിലാണ് താമസിച്ചത്. പൊലീസുകാർ ഭക്ഷണം തരും. നാലാമത്തെ ദിവസം തിരിച്ചുപോരാൻ തീരുമാനിച്ചു. തിരിച്ച് യു.എ.ഇയിൽ എത്തി ഒരു മണിക്കൂറിനകം പൊലീസ് വിളിച്ചു ബന്ധുക്കൾ വന്ന് ബോഡി ഏറ്റുവാങ്ങി എന്നറിയിച്ചു. എസ്.ഐ പറഞ്ഞാണ് അറിഞ്ഞത്, മരിച്ചയാളുടെ ബന്ധുക്കൾ അഷ്റഫ് വന്നതും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതുമെല്ലാം അറിഞ്ഞിരുന്നു. ഇദ്ദേഹത്തെ വന്ന് കണ്ടാൽ പൈസ എന്തെങ്കിലും നൽകേണ്ടിവരുമെന്ന് കരുതി മാറി നിൽക്കുകയായിരുന്നു അവർ. അന്ന് അത് വളരെ വിഷമമുണ്ടാക്കി. പിന്നീടൊരിക്കൽ ഒമാനിൽ നിന്ന് തലശേരിക്കാരായ കുടുംബം യു.എ.ഇയിൽ സന്ദർശനത്തിനെത്തി. അവരുടെ വണ്ടി അപകടത്തിൽ പെട്ടു. ഭാര്യ മരിച്ചു. മൂന്ന് വയസുള്ള കുഞ്ഞ് ഐ.സി.യുവിൽ. ഭർത്താവ് ആക്സിഡന്റുണ്ടാക്കി എന്ന കേസിൽ ജയിലിലായി. ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പേപ്പറുകളെല്ലാം തയ്യാറായി. കോടതിയുടെ അനുവാദത്തോടെ ഭർത്താവിനെ മൃതദേഹം കാണിക്കാൻ മോർച്ചറിയിൽ കൊണ്ടുവന്നു. അപ്പോഴാണ് ഭർത്താവ് അറിയുന്നത് ഭാര്യ മരിച്ചെന്ന്. ആ കാഴ്ച മനസ് തകർത്തു.
ചിലപ്പോൾ മരിച്ചവർക്ക് വിലാസം പോലുമുണ്ടാവില്ല. കൂടെ താമസിക്കുന്നവർക്കും പരിചയക്കാർക്കും അയാളുടെ കുടുംബം അപരിചിതമായിരിക്കും. ഏറെ പണിപ്പെട്ടാണ് അവരുടെ അഡ്രസ് കണ്ടെത്തുന്നത്. പിന്നീട് ബന്ധുക്കളെ വിവരമറിക്കും. വീട്ടുകാരുടെ സമ്മതപത്രം നേടണം. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി പേപ്പർ വർക്കുകൾ പൂർത്തിയാക്കണം. മൃതദേഹം എംബാം ചെയ്യണം. നാട്ടിലേക്ക് കയറ്റി അയക്കുന്നതിനായി എയർ ടിക്കറ്റ് റെഡിയാക്കണം. അവസാനം പെട്ടിയിൽ പേരെഴുതി യാത്രയാക്കണം....ദിവസങ്ങൾ നീളുന്ന കഷ്ടപ്പാടുകളുണ്ട് ഓരോ മൃതദേഹവും നാട്ടിലെത്തിക്കാൻ. ആദ്യ കാലത്ത് തനിയെയായിരുന്നു ഇതെല്ലാം ചെയ്ത് തീർക്കേണ്ടത്. ഇപ്പോൾ സഹായത്തിന് പലരുമുണ്ട്.
അടുപ്പമുള്ളവരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത സന്ദർഭങ്ങളും നിരവധിയാണ്. ഈ അടുത്ത് ഒരുപാട് വർഷത്തെ അടുപ്പമുള്ള കുട്ടിക്ക എന്നയാളുടെ നിയമനടപടികളെല്ലാം പൂർത്തിയാക്കി പെട്ടിയുടെ മുകളിൽ പേരെഴുതാൻ പാസ്പോർട്ട് എടുത്തുനോക്കിയപ്പോഴാണ് ആളെ മനസിലാക്കിയത്. ഉള്ളൊന്നു തേങ്ങും അത്തരം സന്ദർഭത്തിൽ. ചില സാഹചര്യങ്ങളെപ്പറ്റി അറിയുമ്പോൾ അപരിചിതരുടെ മരണം പരിചിതമുള്ളവരുടെ മരണത്തേക്കാൾ വേദന നൽകാറുണ്ട്. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ നിന്ന് വരുന്നവരായിരിക്കും പ്രവാസികളിൽ ഭൂരിപക്ഷവും. ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ പറ്റാതെയാകും വിട പറയേണ്ടിവരുന്നത്.
പണത്തേക്കാൾ
വലുതാണ് മനുഷ്യത്വം
പലപ്പോഴും കൈയിൽ നിന്ന് കാശെടുത്തിട്ടാണ് മൃതദേഹങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത്. ജോലി ചെയ്യുന്ന കമ്പനികളും പല സംഘടനകളും സന്മനസുള്ള വ്യക്തികളും സഹായിക്കും. ഇതുവരെ പണത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. ഓരോ വഴികളായി തുറന്നുകിട്ടും. അടുത്തകാലത്തായി നിരവധി പേർ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നുണ്ട്. അധികം പ്രായമാകാത്തവരും മരിക്കുന്നു. ഹാർട്ട് അറ്റാക്കാണ് പ്രധാന വില്ലൻ. വർഷത്തിൽ ചുരുങ്ങിയത് 50ഓളം മലയാളികൾ ഗൾഫിൽ ആത്മഹത്യ ചെയ്യാറുണ്ട്. പ്രവാസികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കുടുംബാംഗങ്ങൾ വിചാരിച്ചാൽ സാധിക്കും. ആത്മഹത്യകളെപ്പറ്രി കേൾക്കുമ്പോൾ ഒരു നെടുവീർപ്പാണ് അഷ്റഫിന്. എന്നിട്ട് തനിയെ ചോദിക്കും ഇങ്ങനെ ചെയ്താൽ ന്താ ചെയ്യുക...
കുടുംബമെന്ന കരുത്ത്
ഒരാൾ മരണപ്പെട്ടു എന്നറിഞ്ഞ് വീട്ടിൽ നിന്നിറങ്ങിയാൽ എപ്പോൾ തിരിച്ചെത്തുമെന്നറിയില്ല. മൃതദേഹങ്ങളെ അനുഗമിച്ച് മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടതായി വരും. ആദ്യമൊക്കെ വീട്ടിൽ നിന്ന് എതിർപ്പുകളുണ്ടായിരുന്നു. പിന്നീട് താൻ ചെയ്യുന്നതെന്തെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരും കൂടെ നിന്ന് തുടങ്ങി. ഇപ്പോൾ സ്ത്രീകളാരെങ്കിലുമാണ് മരണപ്പെടുന്നതെങ്കിൽ ഭാര്യയും ഒപ്പം വരും. പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച സമയത്ത് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഭാര്യയോട് പറഞ്ഞു, മരണം വരെ ഈ സഹായങ്ങൾ നിർത്തരുത്, ദൈവം കൂടെത്തന്നെ ഉണ്ടാകും. ഈ വാക്കുകൾ ഭാര്യ ഫാത്തിമത്ത് സുഹ്റയുടെ മനസിൽ എന്നുമുണ്ട്. മൂത്ത മകനും ഇപ്പോൾ പിതാവിനെ സഹായിക്കാനായി കൂടെ തന്നെയുണ്ട്.
അജ്മാനിലാണ് അഷ്റഫ് കുടുംബസമേതം താമസിക്കുന്നത്. സഹോദരങ്ങളുമായി ചേർന്ന് ബിസിനസ് ചെയ്യുന്നു. തന്റെ മറ്റ് പ്രവർത്തനങ്ങൾക്കിടയിൽ ബിസിനസ് കാര്യങ്ങളിൽ അത്ര ശ്രദ്ധിക്കാൻ പറ്രാറില്ല. അതിൽ ആർക്കും പരാതികളുമില്ല. അഷ്റഫ് ബിസിനസ് കാര്യങ്ങളിൽ മാത്രമൊതുങ്ങാതെ മൃതദേഹങ്ങൾക്ക് കൂട്ടാകുന്നതാണ് അവർക്കും ഇഷ്ടം. നാട്ടിൽ താമരശേരി ചുങ്കമാണ് സ്വദേശം. വർഷത്തിൽ നാലോ അഞ്ചോ ദിവസങ്ങൾ നാട്ടിലെത്തും. നാട്ടിൽ ഉമ്മയുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെല്ലാം മൃതദേഹങ്ങളുമായി പോകുമ്പോൾ വീട്ടിലെത്തി ഉമ്മയെ കാണും. ഭാര്യ ഫാത്തിമത്ത് സുഹ്റ വീട്ടമ്മയാണ്. മൂന്ന് മക്കൾ. മുഹമ്മദ് ഷാഫി, ഷിഫാന, മുഹമ്മദ് അമീൻ. മൂവരും യു.എ.ഇയിൽ വിദ്യാർത്ഥികൾ. അഷ്റഫ് ഒരു മാതൃകയാണ്. പ്രവർത്തികൾക്കുള്ള പ്രതിഫലം തരേണ്ടത് മനുഷ്യരല്ല, ദൈവമാണെന്ന ബോദ്ധ്യവുമായി തലയുയർത്തി നടന്നുനീങ്ങുകയാണ് ഇദ്ദേഹം. ബഷീർ തിക്കോടി രചിച്ച 'പരേതർക്കൊരാൾ" എന്ന പുസ്തകം അഷ്റഫിന്റെ ജീവിതമാണ് പകർന്നു നൽകുന്നത്.